കൊടകര: ആതുരസേവനത്തോടൊപ്പം ഫോട്ടോഗ്രഫി, ശില്പ-ചിത്രകലക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഡോ. ഉണ്ണികൃഷ്ണന് പുളിക്കലിന്റെ പുതിയ സംരംഭമായ ആര്‍ട്ട് മ്യൂസിയം ഓഫ് ലവ് (സ്നേഹ മ്യൂസിയം) കൊടകരയില്‍ തിങ്കളാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും.
സ്നേഹം എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ കലാമ്യൂസിയമാണ് കൊടകരയില്‍ ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ളത്.
മനുഷ്യവികാരങ്ങളില് ഏറ്റവും ഉദാത്തമായ സ്നേഹത്തിന്റെ കലാത്മകമായ അവതരണത്തിലൂടെ മനുഷ്യര്‍ തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള സ്നേഹബന്ധം കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിച്ചിട്ടുള്ളതെന്ന് ഡോ. ഉണ്ണികൃഷ്ണന് പുളിക്കല്‍ പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പരമ്പരാഗത കലകള്‍ മുതല്‍ വിവിധ ലോകരാജ്യങ്ങളിലെ കലാകാരന്മാര് സ്നേഹത്തില്‍ അധിഷ്ഠിതമായി സൃഷ്ടിച്ച 250ഓളം ചിത്രങ്ങള്‍, ശിൽപങ്ങള്, സാഹിത്യ കൃതികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും ലോക സംസ്കാരങ്ങളിലെ സ്നേഹദൈവങ്ങള്, പുരാണങ്ങളിലെ പ്രണയികള്‍ തുടങ്ങിയ പഠനാര്‍ഹമായ പ്രദര്‍ശന വസ്തുക്കളും സമൂഹത്തിലെ എല്ലാവര്ക്കും ആസ്വാദ്യമാകുന്ന രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലത്തെ യാത്രകൾക്കിടയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നും ശേഖരിച്ചവയാണ് മ്യൂസിയത്തിലുള്ളത്. പ്രശസ്ത അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ഹെര്‍ബര്‍ട്ട് ആഷര്മാന്, വന്യജീവി ഫോട്ടോഗ്രാഫര്‍ സീമ സുരേഷ്, ഡോ. ഉണ്ണികൃഷ്ണന് പുളിക്കല്‍ എന്നിവരുടെ ചിത്രങ്ങളും ഇവിടെയുണ്ട്.
അമേരിക്കന്‍ ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രവേശന പാസ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു മ്യൂസിയം കാണാനാകും. തിങ്കളാഴ്ച പ്രവേശനമില്ല. ഫോട്ടോഗ്രാഫറും ചിത്രകാരനും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെലോയുമാണ് ഡോ. ഉണ്ണികൃഷ്ണന് പുളിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.