കൊടകര: മേല്‍പ്പാലം ജങ്ഷനു സമീപമുള്ള സർവിസ് റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാൻ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ഉയരുന്നു. ഇതു സംബന്ധിച്ച് ദേശീയപാത അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘ ദൂര ബസുകളടക്കം വാഹനങ്ങള്‍ കൊടകരയിലെ മേല്‍പ്പാലം തുടങ്ങുന്നതിനു തൊട്ടുമുമ്പായി സര്‍വിസ് റോഡിലൂടെ തിരിഞ്ഞാണ് കൊടകര മേല്‍പ്പാലം ജങ്ഷനിലെത്തുന്നത്. ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും ഈ സര്‍വിസ് റോഡിലൂടെ തന്നെയാണ് എത്തുന്നത്. ഈ ഭാഗത്തെ റോഡിന്റെ വശങ്ങളില് കാന പൂര്‍ണമായി നിർമിച്ചിട്ടില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാണ്.
ഇതുമൂലം മഴ പെയ്യുമ്പോള്‍ മേല്‍പ്പാലത്തിനു മുകളില്‍നിന്നുള്ള വെള്ളം സര്‍വിസ് റോഡു വഴി സമീപത്തെ വീട്ടുമുറ്റങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് റോഡരികിലെ കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നത്. കാനനിര്മിച്ച ഭാഗങ്ങളില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് റോഡിലേക്ക് തള്ളിനില്ക്കുന്ന അവസ്ഥയാണ്. എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്ക്കാര്ക്കും ഒതുങ്ങി നില്ക്കാനാവശ്യമായ വീതി ചിലയിടങ്ങളില്‍ സര്‍വിസ് റോഡിലില്ല.
തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയായാല്‍ റോഡ് ഇരുട്ടിലാണ്. മേല്‍പ്പാലത്തിനു മുകളിലുള്ള വിളക്കുകളുടെ പ്രകാശം സര്‍വിസ് റോഡിലേക്ക് വേണ്ടത്ര ലഭിക്കുന്നില്ല. നേരത്തെ റോഡരുകില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ കേടുവന്ന് പ്രകാശിക്കാതായതോടെ വര്‍ഷങ്ങളായി റോഡ് ഇരുട്ടിലാണ്.
തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കാലുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ കാണാനാവുന്നത്. സുരക്ഷിത യാത്രക്കാവശ്യമായ സിഗ്നലുകളും റിഫ്ളക്ടറുകളും റോഡില്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.