കൊടകര: ആളൂരില്‍ സാമൂഹികദ്രോഹികള്‍ തീയിട്ടതിനെ തുടര്‍ന്ന് തായ്ത്തടിക്ക് പൊള്ളലേറ്റ മുത്തശ്ശിമാവിന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആയുർവേദ വൃക്ഷചികിത്സ നല്കി. അപൂർവ വൃക്ഷചികിത്സ രീതികള്‍ കാണാൻ നിരവധി പേരാണ് മാഞ്ചുവട്ടില്‍ എത്തിയത്. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയോരത്ത് ആളൂര്‍ ജങ്ഷന് സമീപത്തെ മുത്തശ്ശിമാവുകളില് ഒന്നിനെയാണ് ഏതാനും ദിവസം മുമ്പ് സാമൂഹികദ്രോഹികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. ശിഖരങ്ങള്‍ വെട്ടിമാറ്റുകയും ചുവട്ടില്‍ വയ്ക്കോല് കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ആളൂര്‍ പഞ്ചായത്ത് ജൈവപരിപാലന സമിതി ഭാരവാഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ആളൂരിലെ ടാക്സി തൊഴിലാളികളും പ്രതിഷേധവുമായി രംഗത്ത് വരുകയും നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിലും പൊതുമരാമത്ത് വകുപ്പ് അധികര്‍ക്കും പരാതി നല്‍കുകയും ചെയ്തു.
ജൈവ പരിപാലന സമിതി കണ്‍വീനര്‍ പി.കെ. കിട്ടന് മാസ്റ്റര്‍ ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വൃക്ഷവൈദ്യനും വനമിത്ര പുരസ്കാര ജേതാവുമായ കോട്ടയം സ്വദേശി കെ. ബിനു മുത്തശ്ശി മാവിന് ചികിത്സ നല്‍കാനായി മുന്നോട്ടുവരുകയായിരുന്നു.
വൃക്ഷായുർവേദത്തില്‍ നിര്ദേദേശിക്കപ്പെട്ട മൂന്ന് തരത്തിലുള്ള മണ്ണ്, നാടന്‍ പശുവിന്റെ പാല്, നെയ്യ്, ചാണകം, എള്ള്, കദളിപ്പഴം തുടങ്ങിയ 14 ഇനങ്ങള്‍ കുഴച്ചുചേര്‍ത്ത മിശ്രിതമാണ് മാവിന്റെ തൊലിയില്‍ തേച്ചുപിടിപ്പിച്ചത്. പൊള്ളല്‍ കൂടുതല്‍ ഏറ്റ ഭാഗത്ത് എള്ള്, ഉഴുന്ന്, അരിപ്പൊടി, രാമച്ചം എന്നീ പഞ്ചദ്രവ്യങ്ങളില് നാടന്‍ പശുവിന്റെ പാല് ചേര്‍ത്തുണ്ടാക്കിയ കുഴമ്പ് പുരട്ടുന്ന തരുചികിത്സയും നടത്തി. തുടര്‍ന്ന് ചണനൂലും പരുത്തിത്തുണിയും കൊണ്ട് മാവ് പൊതിഞ്ഞുകെട്ടിയാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. ആറ് മാസംകൊണ്ട് മരുന്നുകൂട്ടും ചണനൂലും മാവിന്റെ തടിയോടു ചേര്‍ന്ന് ഒന്നാകുമെന്ന് വൃക്ഷചികിത്സകന്‍ പറഞ്ഞു.
വൃക്ഷായുർവേദ ചികിത്സയുടെ ഉദ്ഘാടനം ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് നിര്‍വഹിച്ചു. പഞ്ചായത്ത് ജൈവപരിപാലന സമിതി കണ്‍വീനര്‍ പി.കെ. കിട്ടന്, മാവുകളുടെ സംരക്ഷകന്‍ എം. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.