കൊടകര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ വാലറ്റത്തുള്ള ചോങ്കുളത്തില് വെള്ളമെത്താത്തതിനാൽ മേഖലയില്‍ ജലക്ഷാമം രൂക്ഷം. ചാലക്കുടി ജലസേചന പദ്ധതിയിലെ തുമ്പൂര്‍മുഴി സ്റ്റോറേജ് ഡാമില്‍നിന്ന് തുടങ്ങുന്ന വലതുകര കനാലിന്റെ ശാഖയാണ് മറ്റത്തൂര്‍ കനാല്‍. മാരാങ്കോട് മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്റര്‍ നീളമാണ് മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനുള്ളത്.
മറ്റത്തൂര്‍ പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള പടിഞ്ഞാറ്റുമുറിയില്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചോങ്കുളത്തിലാണ് കനാല്‍ ഒഴുകി അവസാനിക്കുന്നത്. ഒരുകാലത്ത് വേനലിലും ജലസമൃദ്ധമായിരുന്നു ചോങ്കുളം. നിലവിൽ വരണ്ടു കിടക്കുന്ന ചോങ്കുളം പ്രദേശത്തെ കുട്ടികളുടെ കളിക്കളമായി.
വേനല്‍ക്കാലത്ത് കനാലിലേക്ക് തുറന്നുവിടുന്ന വെള്ളം വാലറ്റത്തുള്ള ചോങ്കുളത്തേക്ക് എത്തിയിരുന്നു. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയിലും പരിസരത്തുമുള്ള കര്‍ഷകര്‍ ഈ കുളത്തെ ആശ്രയിച്ചാണ് കൃഷിചെയ്തിരുന്നത്. വേനല്‍ക്കാലത്ത് പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലവിതാനം നിലനിര്‍ത്തിയിരുന്നതും ചോങ്കുളത്തിലെ ജലസമൃദ്ധിയാണ്. പിന്നീട് ചോങ്കുളത്തിലേക്ക് വേനലില്‍ കനാൽ വെള്ളം എത്താതായി.
നീരൊഴുക്ക് സുഗമമാക്കാനും വാലറ്റം വരെ വെള്ളമെത്തിക്കാനുമായി മറ്റത്തൂര്‍ കനാലിന്റെ വശങ്ങളും അടിത്തട്ടും കാല്‍നൂറ്റാണ്ട് മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വാലറ്റത്തേക്ക് വെള്ളമെത്താനാണ് ഇതുചെയ്തതെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
കനാല്‍ വാലറ്റത്തുള്ള പ്രദേശങ്ങളിലേക്കും ചോങ്കുളത്തിലേക്കും ശരിയായ തോതില്‍ വെള്ളം എത്തിയിട്ട് ഏറെക്കാലമായെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വേനലില്‍ ഒരു തവണപോലും ചോങ്കുളം നിറഞ്ഞിട്ടില്ല. വേനലില്‍ വെള്ളമെത്താറില്ലെങ്കിലും മഴക്കാലമായാല്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യം അടിഞ്ഞുകൂടുന്നതും ചോങ്കുളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.