കൊടകര: വേനല്‍ച്ചൂട് കടുത്തതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലേക്ക് നീങ്ങുമ്പോള്‍ വെള്ളിക്കുളങ്ങരയിലെ ജലസമൃദ്ധമായ തേശേരിക്കുളം ആര്‍ക്കും പ്രയോജനപ്പെടാതെ അവഗണനയില്‍. പുനരുദ്ധാരണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പൊതുകുളം വശങ്ങള് കെട്ടി സംരക്ഷിച്ചെങ്കിലും കുളത്തിലേക്ക് വഴിയില്ലാത്തതിനാല്‍ ദൂരെനിന്ന് നോക്കിനില്‍ക്കാനേ നാട്ടുകാര്‍ക്ക് കഴിയുന്നുള്ളൂ.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വെള്ളിക്കുളങ്ങര പ്രസന്റേഷന് കോണ്‍വെന്റ് ഹൈസ്കൂളിനും സര്‍ക്കാര്‍ മൃഗാശുപത്രിക്കും സമീപമാണ് തേശേരിക്കുളം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കുളത്തില്‍ സംഭരിച്ചുനിര്‍ത്തിയിരുന്ന വെള്ളം ഉപയോഗിച്ചാണ് ഒരു കാലത്ത് വെള്ളിക്കുളങ്ങരയിലും പരിസരപ്രദേശങ്ങളിലും നെല്‍കൃഷി ചെയ്തിരുന്നത്.
അരനൂറ്റാണ്ട് മുമ്പ് വെള്ളിക്കുളങ്ങരക്ക് കിഴക്കുള്ള വനമേഖലയില്‍ മരംമുറി നടന്നപ്പോള്‍ തടി വലിക്കാനായി കൊണ്ടുവന്ന ആനകളെ കുളിപ്പിച്ചിരുന്നത് ഈ കുളത്തിലായിരുന്നു. നെല്‍കൃഷി കുറഞ്ഞതോടെ കുളത്തിലെ വെള്ളം ഉപയോഗിക്കാതാവുകയും പാഴ്ചെടികളും പുല്ലും മൂടി കുളം വിസ്മൃതിയിലാവുകയും ചെയ്തു.
കുളം സ്ഥിതി ചെയ്യുന്ന കട്ടിപ്പൊക്കം പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ തുടങ്ങിയപ്പോഴാണ് തേശേരിക്കുളം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമായത്. വെള്ളിക്കുളങ്ങരയിലെ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ മറ്റത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ കുളത്തിന്റെ വിസ്തൃതി അളന്നുതിട്ടപ്പെടുത്തുകയും അന്യാധീനപ്പെട്ട ഭൂമി ഒഴിപ്പിച്ചെടുക്കുകയും ചെയ്തു.
20 വര്‍ഷം മുമ്പ് അന്നത്തെ എം.എല്‍.എ ആയിരുന്ന കെ.പി. വിശ്വനാഥന് പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ കുളത്തിന്റെ നവീകരണത്തിനായി അനുവദിച്ചെങ്കിലും സമയബന്ധിതമായി പ്രവൃത്തി തുടങ്ങാനാവാതെ ഫണ്ട് നഷ്ടപ്പെട്ടു.
പിന്നീട് ജില്ല പഞ്ചായത്തിന്റെ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടില്‍നിന്ന് തുക അനുവദിച്ചു. കുളം ആഴം കൂട്ടി വശങ്ങള് കെട്ടി സംരക്ഷിക്കാനും മറ്റ് അനുബന്ധ പണികള്‍ക്കുമായാണ് തുക അനുവദിച്ചത്. ഗുണഭോക്തൃസമിതി രൂപവത്കരിച്ച് പ്രവൃത്തി ആരംഭിച്ചെങ്കിലും തര്‍ക്കങ്ങളും കോടതി ഉടപെടലും ഉണ്ടായതിനെ തുടര്‍ന്ന് പൂര്‍ത്തീകരിക്കാനായില്ല.
വെള്ളം പുറത്തേക്ക് ഒഴുകുന്ന കൈത്തോടിന്റെ വശങ്ങള് പരിസരവാസികളുടെ സഹകരണത്തോടെ വീതി കൂട്ടിയാല്‍ കുളത്തിലേക്ക് എത്തിപ്പെടാന്‍ പൊതുവഴി തുറക്കാനാവുമെന്ന് വര്‍ഷങ്ങളായി കുളത്തിന്റെ സംരക്ഷണത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന സാമൂഹിക പ്രവര്ത്തകന് റഷീദ് ഏറത്ത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.