കൊടകര: തിരുവോണത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കൊടകര കുംഭാരത്തെരുവിലെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന് നിര്‍മാണം സജീവം. തിരുവോണ പുലര്‍ച്ച വീടുകളില്‍ പ്രതിഷ്ഠിക്കാനായി പല വലുപ്പത്തിലുള്ള തൃക്കാരയപ്പന്മാരെയാണ് ഇവര്‍ കളിമണ്ണില്‍ മെനഞ്ഞടുക്കുന്നത്. കര്‍ക്കടകം പിറക്കുന്നത് മുതൽ തന്നെ കൊടകരയിലെ കുംഭാര സമുദായക്കാരായ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന് നിര്‍മാണം തുടങ്ങും. ഓരോ വീട്ടിലും നൂറുകണക്കിന് കളിമണ്‍രൂപങ്ങളാണ് ഇവര്‍ ഉണ്ടാക്കുന്നത്. പാടങ്ങളില്‍നിന്ന് കളിമണ്ണ് എടുക്കാനാവാത്തതിനാല്‍ അരച്ചെടുത്ത കളിമണ്ണ് ഓട്ടുകമ്പനികളില്നിന്ന് വാങ്ങിയാണ് നിര്‍മാണം. അരയടി മുതല്‍ മൂന്നടി വരെ ഉയരത്തിലുള്ള തൃക്കാക്കരയപ്പന് ഇവിടെ നിര്‍മിക്കുന്നുണ്ട്. ഉയരം കുറഞ്ഞതിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 40 രൂപ മുതലാണ് വില. അത്തം അടുത്തതോടെ ഇവ വിപണിയിലെത്തിക്കാനുള്ള അവസാന മിനുക്കുപണിയിലാണ് ഇവര്‍. ഓണക്കാലത്ത് സംഘടിപ്പിക്കുന്ന ഐ.ആര്.ഡി.പി മേളയിലും കടകളിലും മാളുകളിലും കൊടകരയില്നിന്നുള്ള കളിമണ്‍ തൃക്കാക്കരയപ്പനുകള്‍ എത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ മാളുകളിലേക്കും വടക്കേ ഇന്ത്യയിലെ മലയാളി കൂട്ടായ്മകളിലേക്കും ഇവ എത്താറുണ്ട്.
ഓണത്തിന് ഒരു മാസം മുമ്പു മുതലേ കളിമണ്‍രൂപങ്ങളുടെ പണി ഇവര്‍ തുടങ്ങും. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും വീട്ടുമുറ്റത്ത് ഒരുമിച്ചിരുന്നാണ് നിര്‍മാണം. പണ്ടൊക്കെ ഓട്, ഇഷ്ടിക എന്നിവ പൊടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ചായമടിച്ചാണ് തൃക്കാക്കയപ്പനെ ഒരുക്കാറുള്ളതെങ്കില് ഇപ്പോള്‍ കടയില്‍ നിന്ന് വാങ്ങുന്ന പെയിന്റാണ് ഉപയോഗിക്കുന്നത്. പുതിയ വൈവിധ്യമുള്ള ഡിസൈനുകള്‍ വരച്ചും നിറം കൊടുത്തും ആകര്‍ഷകമാക്കിയ തൃക്കാക്കരയപ്പന്മാര് ഓണത്തെ വരവേല്‍ക്കാന്‍ കൊടകരയില്‍ ഒരുങ്ങിക്കഴിഞ്ഞു. നിര്‍മാണച്ചെലവ് വര്‍ധിച്ചിട്ടും അതിനനുസൃതമായ വില വില്പനയിലൂടെ ലഭിക്കുന്നില്ലെന്ന് കൊടകരയിലെ കുംഭാര സമുദായക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.