കൊടകര: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ടുകുട്ടികളെ കാണാതായി. കാടര്‍ വീട്ടില്‍ സുബ്രന്റെ മകന് സജികുട്ടന്‍ (16), രാജന്റെ മകന് അരുണ്‍ (എട്ട്) എന്നിവരെയാണ് കഴിഞ്ഞ രണ്ട് മുതല്‍ കാണാതായത്. അരുണ്‍ വെള്ളിക്കുളങ്ങര ഗവ.യു.പി സ്കൂള്‍ വിദ്യാര്‍ഥിയാണ്. കോളനിയിലെ മിക്ക കുടുംബങ്ങളും വനവിഭവങ്ങള്‍ ശേഖരിക്കാൻ കാട്ടിനുള്ളില്‍ താമസിക്കുന്നതിനാല്‍ കുട്ടികളെ കാണാതായ വിവരം വെള്ളിയാഴ്ച രാവിലെയാണ് അറിഞ്ഞത്. സജികുട്ടന്റെ സഹോദരി ചന്ദ്രിക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസും വനപാലകരും കോളനിയിലുള്ളവരും മുൻ പഞ്ചായത്തംഗം ജോയ് കാവുങ്ങലിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. വനത്തിലെ ആനപ്പാന്തം, ചേറങ്കയം, പടിഞ്ഞാക്കരപാറ പ്രദേശങ്ങളിലാണ് ഇവര്‍ തെരച്ചില്‍ നടത്തിയത്. ശനിയാഴ്ച പൊലീസും വനപാലകരും അഗ്നിരക്ഷ സേനയും സാമൂഹിക പ്രവര്‍ത്തകരും സംയുക്തമായി തെരച്ചില്‍ നടത്തും. കോളനിയുടെ എതിര്‍ഭാഗത്തുള്ള ചാണക്യകുണ്ട് വനത്തില്‍ തെരച്ചില്‍ നടത്താനാണ് തീരുമാനം. കാണാതായ കുട്ടികള്‍ സാധാരണയായി കാട്ടില്‍ പോകാറുള്ളവരല്ലെന്നാണ് കോളനിയുള്ളവര്‍ പറയുന്നത്. സജികുട്ടനും അരുണും സാധാരണയായി കോളനിയിലും പരിസരത്തും കളിച്ചുനടക്കുന്നവരാണ്. സജികുട്ടന്റെ പിതാവ് സുബ്രന് ഏതാനും വര്‍ഷം മുമ്പ് പാലപ്പിള്ളി വനത്തില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. മാതാവും മരിച്ചു. സഹോദരിയുട സംരക്ഷണത്തിലാണ് കുട്ടി കഴിഞ്ഞിരുന്നത്. അരുണിന്റെ പിതാവും ജീവിച്ചിരിപ്പില്ല.
മാതാവ് പുഷ്പ മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ്. കവണ ഉപയോഗിച്ച് പക്ഷികളെ വേട്ടയാടാറുള്ള കുട്ടികൾ വഴിതെറ്റി കാട്ടില്‍ അകപ്പെട്ടുപോയിരിക്കാമെന്നാണ് കരുതുന്നത്. കാട്ടാനകള്‍ വിഹരിക്കുന്ന വനമേഖലയില്‍ കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഏറെ ശ്രമകരമാണ്.
കൊടകര: വെള്ളിക്കുളങ്ങര ശാസ്താപൂവം കാടര്‍ കോളനിയിലെ രണ്ട് കുട്ടികളെ കാണാനില്ലെന്ന വിവരമറിഞ്ഞ് തൃശൂര്‍ ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍ കോളനിയിലെത്തി. കാണാതായ കുട്ടികളുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ സുനില്‍കുമാര്‍ കുട്ടികളെ കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ല ഭരണകൂടത്തോടും എസ്.പിയോടും ആവശ്യപ്പെട്ടു. മറ്റത്തൂരിലെ എല്‍.ഡി.എഫ് നേതാക്കളായ സി.യു. പ്രിയന്, മോഹനന് ചള്ളിയില്‍, പി.സി. ഉമേഷ്, പി.കെ. രാജന്, ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടറി യു.കെ. തിലകമണി, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.