കൊടകര: വിഷു വിളിപ്പാടകലെ എത്തിയതോടെ വെള്ളരിപ്പാടങ്ങളില്‍ കര്‍ഷകര്‍ വിളവെടുപ്പിെൻറ തിരക്കിലാണ്. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരിലും മറ്റത്തൂര്‍ പഞ്ചായത്തിലെ കോപ്ലിപ്പാടം പാടശേഖരത്തിലുമാണ് കര്‍ഷകര്‍ വേനല്‍ക്കാല വിളയായി വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. ഇടക്കിടെ പെയ്ത വേനല്‍മഴ പേടി സ്വപ്നമായെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവും വിലയും ഇക്കൊല്ലം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ പെട്ട് കനത്ത നഷ്ടം നേരിട്ടിരുന്നതിനാല്‍ ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് കര്‍ഷകര്‍ വെള്ളരികൃഷിയിറക്കിയത്. രണ്ടാഴ്ച മുമ്പേ ചെറിയതോതില്‍ വിളവെടുപ്പ് ആരംഭിച്ചിരുന്നു. വിഷു വിപണി ലക്ഷ്യം വെച്ചുള്ള വിളവെടുപ്പാണ് ഇപ്പോള്‍ വെള്ളരിപ്പാടങ്ങളില്‍ നടന്നുവരുന്നത്. പന്തല്ലൂര്‍ പാടത്ത് ഇരുപതേക്കറോളം സ്ഥലത്ത് ഇക്കുറി വെള്ളരികൃഷിയുണ്ട്. തൃശൂര്‍ അടക്കമുള്ള പച്ചക്കറി ചന്തകളിലാണ് ഇവിടെ ഉല്പാദിപ്പിക്കുന്ന വെള്ളരിക്കായ്കള്‍ വിറ്റുപോകുന്നത്. കഴിഞ്ഞ ദിവസം പന്തല്ലൂരില്‍ നിന്നുള്ള അഞ്ച് ടണ്‍ വെള്ളരിക്കായ്കള്‍ ഹൈദരാബാദിലേക്ക് ഏജന്‍സികള്‍ വഴി വാങ്ങിക്കൊണ്ടുപോയിരുന്നു. മറ്റത്തൂരിലെ കോപ്ലിപ്പാടം പാടശേഖരത്ത് പത്തേക്കറോളം നിലത്തിലാണ് കര്‍ഷകര്‍ വെള്ളരി വിളയിച്ചിട്ടുള്ളത്. കേരള പഴം പച്ചക്കറി പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കര്‍ഷക ചന്തയിലാണ് കോപ്ലിപ്പാടം പാടശേഖരത്തില്‍ നിന്നുള്ള വെള്ളരി വിറ്റഴിക്കുന്നത്.
കിലോഗ്രാമിന് 15 രൂപയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത്. വിഷു ദിവസങ്ങളില്‍ ഇനിയും വില കൂടിയേക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.