കൊടകര: കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടുകയാണ് ഇഞ്ചക്കുണ്ട് കര്‍ഷക ഗ്രാമം. ദിവസേനയെന്നോണം ഇവിടെ കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ മുച്ചൂടും നശിപ്പിക്കുകയാണ്. ഇഞ്ചക്കുണ്ട് മുസ്ലിം പള്ളിയുടെ പരിസരത്താണ് ചൊവ്വാഴ്ച പുലര്‍ച്ച കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്. രാത്രിയായാല്‍ വീട്ടുമുറ്റങ്ങളിലടക്കം വിഹരിക്കുന്ന കാട്ടാനകളെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും ഇവിടത്തെ കുടുംബങ്ങള്‍ ഭയപ്പെടുന്നു.
അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ചൊവ്വാഴ്ച പുലര്‍ച്ച രണ്ടരയോടെ കാട്ടാനക്കൂട്ടമിറങ്ങിയത്. നാല് വലിയ ആനകളടക്കം ഏഴ് ആനകളുള്ളതായിരുന്നു കൂട്ടമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നേരം പുലരുംവരെ കൃഷിത്തോട്ടങ്ങളില്‍ വിഹരിച്ച ഇവ വാഴകൃഷിയാണ് പ്രധാനമായും നശിപ്പിച്ചത്. കുണ്ടൂക്കാരന്‍ ജോണി, കുണ്ടൂക്കാരന്‍ ബൈജു, വല്ലത്ത് വട്ടപ്പറമ്പില്‍ പീയൂസ്, ചക്കുങ്ങല്‍ അവറാന്‍കുട്ടി, വേട്ടശേരി അലി എന്നിവരുടെ പറമ്പുകളിലാണ് ആനകള്‍ കൃഷി നശിപ്പിച്ചത്.
പ്ലാവുകളിലുണ്ടായിരുന്ന ചക്ക മുഴുവന്‍ തുമ്പിക്കൈ കൊണ്ട് വലിച്ച് താഴെയിട്ട് തിന്നുതീര്‍ത്തു. നാലുവര്‍ഷത്തിലേറെയായി പ്രദേശത്ത് പതിവായി കാട്ടാനകളിറങ്ങുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. വനാതിര്‍ത്തി കടന്ന് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലൂടെയാണ് കാട്ടാനകള്‍ എത്തുന്നത്.
മുപ്ലിയം- കോടാലി റോഡിലെ ഇഞ്ചക്കുണ്ട് പള്ളിക്കു സമീപത്ത് റോഡ് മുറിച്ചുകടന്നാണ് വീടുകള്‍ക്ക് പരിസരത്തെ തോട്ടങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്നത്. കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും വനം വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്കി മടുത്തിരിക്കുകയാണ് കര്‍ഷകര്‍. പരാതിയെ തുടര്‍ന്ന് കാട്ടാനകളെ പ്രതിരോധിക്കാൻ ഏതാനും വര്‍ഷം മുമ്പ് റോഡരികില്‍ സൗരോർജ വേലി സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും മാസങ്ങള്‍ മാത്രം കാര്യക്ഷമമായി പ്രവര്‍ത്തിച്ച വേലിയുടെ ബാറ്ററി സംവിധാനം തകരാറിലായതാണ് കാരണം.
തകരാര്‍ പരിഹരിച്ച് സൗരോർജ വേലി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. രാത്രിയില്‍ വീട്ടുമുറ്റത്ത് കാട്ടാനകള്‍ വിഹരിക്കുന്നതിനാല്‍ ശ്വാസമടക്കിപ്പിടിച്ചാണ് കര്‍ഷക കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നത്. മൊബൈല്‍ റേഞ്ച് കുറവുള്ള സ്ഥലമായതിനാല്‍ അവശ്യഘട്ടങ്ങളില്‍ അധികൃതരുടെ സഹായം തേടാന്‍ പോലും ഇവിടത്തെ കുടുംബങ്ങള്‍ക്ക് സാധിക്കുന്നില്ല. കാട്ടാനകള്‍ക്ക് പുറമെ മാന്‍, കാട്ടുപന്നി, മലയണ്ണാന്, ചെന്നായ് തുടങ്ങിയ കാട്ടുമൃഗങ്ങളും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.