നൗറീൻ സിദ്ദീഖിന്‍റെ ഭാവനയിൽ കലയും കരവിരുതും സമന്വയിക്കുന്നു

കൊടുങ്ങല്ലൂർ: നൗറീൻ സിദ്ദീഖിന്‍റെ ഭാവനയിൽ കലയും കരവിരുതും സമന്വയിക്കുമ്പോൾ കമനീയമായ കരകൗശല സൃഷ്ടികൾ മാത്രമല്ല വിടരുന്നത്. അതൊരു കോവിഡ്കാല അതിജീവനത്തിന്‍റെ കൂടി സന്ദേശം സമൂഹത്തിന് നൽകുന്നുണ്ട്. അടച്ചിടൽ കാലത്താണെങ്കിലും അല്ലെങ്കിലും വീടകം എങ്ങനെ ആനന്ദകരവും ആദായകരുമായ പഠനകാല സംരംഭത്തിന്‍റെ ഇടമാക്കി മാറ്റാമെന്നതിന്‍റെ മാതൃക കൂടിയാണ് ഈ ബിരുദ വിദ്യാർഥിനി. ക്രാഫ്റ്റിൽ വർണ മനോഹാരിത തീർക്കുന്ന നൗറീന്‍റെ കലാചാതുരിയുടെ സവിശേഷതകൾ ഇനിയുമുണ്ട്. പേപ്പറിലാണ് മനംകവരും സൃഷ്ടികളിലേറെയും. പിന്നെ ബോട്ടിൽ ആർട്ടും. ഇതെല്ലാം പുറംലോകത്തെ കാണിക്കുന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പതിനായിരത്തിൽപരം ഫോളോവേഴ്സാണ് ഈ മിടുക്കിക്കുള്ളത്.

കേരളത്തിനകത്തും പുറത്തും മാത്രമല്ല വിദേശത്തുനിന്നുമുണ്ട് ആസ്വാദകരും ആവശ്യക്കാരും. കൊടുങ്ങല്ലൂരിലെ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ പ്രതിഭ മതിലകം സി.കെ വളവിൽ വലിയകത്ത് വടക്കൻ സിദ്ദീഖിന്‍റെയും ബേബിയുടെയും മകളാണ്. സ്കൂൾ പഠനകാലത്ത് വരയിലും പെയിന്‍റിങ്ങിലുമുണ്ടായിരുന്ന താൽപര്യമാണ് ആകർഷകമായ ക്രാഫ് വർക്കുകളിലൂടെ ചെറുപ്രായത്തിൽ തന്നെ പഠനത്തിനിടയിലും നല്ലൊരു വരുമാനം നേടാവുന്ന തലത്തിലേക്ക് നൗറീൻ വളർത്തിയെടുത്തത്. പ്ലസ് ടു പഠന വേളയിൽ ബോട്ടിൽ ആർട്ടിലായിരുന്നു കമ്പം.

പ്രിയപ്പെട്ടവരുടെ ഫോട്ടോ പതിച്ചുള്ള ബോട്ടിൽ പെയിന്‍റിങ്ങിന് ആവശ്യക്കാരേറെയായിരുന്നു. ഒന്നാം കോവിഡ് തരംഗവും ഒപ്പം ലോക്ഡൗണും വന്നതോടെ വീട്ടിലിരിപ്പിനിടയിലെ വിരസതയകറ്റാനാണ് ക്രാഫ്റ്റ് വർക്ക് പരീക്ഷിക്കാൻ തുനിഞ്ഞത്. ഇതിന് നൗറീനെ പോലും അതിശയിപ്പിക്കുന്ന പ്രതികരണമാണ് സുഹൃത്തുകളിൽനിന്നും മറ്റും ലഭിച്ചത്. ഇതോടെ ഇൻസ്റ്റഗ്രാമിലെ 'ആർട്ടിസ്റ്റിക ടെയ്ൽസ്' എന്ന തന്‍റെ പേജ് വൈവിധ്യവും മനോഹരവുമായ ക്രാഫ്റ്റുകളുമായി വിപുലപ്പെടുത്തി. ഇതൊരു മുന്നേറ്റത്തിന്‍റെ വഴിത്തിരിവായി മാറുകയും നിരവധി ഓർഡുകൾ ലഭിക്കാനും തുടങ്ങി. ജന്മദിനം, വിവാഹം, വിവാഹ വാർഷികം ഉൾപ്പെടെയുള്ള ക്രാഫ്റ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.

Tags:    
News Summary - a rare model of a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.