കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ പൈതൃക പാത സംരക്ഷിക്കുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയ സമര പോരാട്ടം വർധിത വീര്യത്തോടെ ഒന്നാം വർഷത്തിലേക്ക്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തരും നാട്ടുകാരായ ഭക്തരും മറ്റുള്ളവരും പരമ്പരാഗതമായി ഉപയോഗിക്കുന്ന പൈതൃക പാത അടക്കുന്നതിനെതിരായ ജനകീയ സമരമാണ് വ്യാഴാഴ്ച 365ാം ദിനത്തിലെത്തിയത്. സാധാരണക്കാരായ സ്ത്രീകളും പ്രായമായവരും മറ്റും ഉൾപ്പെടുന്ന ജനത കഴിഞ്ഞ ഒരു വർഷമായി ഉയർത്തുന്ന തികച്ചും ന്യായമായ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന അധികാരികൾക്കെതിരെ ശക്തമായ അമർഷമാണുള്ളത്.
എൻ.എച്ച്.എ.ഐക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും മുമ്പാകെ സ്ഥലം എം.പിയും എം.എൽ.എയും സമരസമിതിയും പലവട്ടം നിവേദനം നൽകുകയും നേരിൽ ബോധ്യപ്പെടുത്തിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ കൊടുങ്ങല്ലരിലെ നേതാക്കളും നീക്കങ്ങൾ നടത്തിയിരുന്നു. ഈയിടെ കൊടുങ്ങല്ലൂരിലെത്തിയ കേന്ദ്ര സഹമന്ത്രിയും പ്രാദേശിക നേതൃത്വത്തിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും കരാർ കമ്പനി പ്രസ്തുത സ്ഥലത്ത് നിർമാണവുമായി മുന്നോട്ട് പ്രകാനുള്ള ശ്രമത്തിലാണ്.
രണ്ട് ദിവസം മുൻപ് ബൈപ്പാസ് റോഡിന്റെ വശം ഭിത്തി കെട്ടാനുള്ള നീക്കം പരിസരത്തുണ്ടായിരുന്ന സമരക്കാർ തടയുകയായിരുന്നു. ബൈപ്പാസിലെ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ എലിവേറ്റഡ് ഹൈവേ അല്ലെങ്കിൽ സുരക്ഷിതമായ ക്രോസിങ് വേണമെന്നാണ് സമരം നയിക്കുന്ന എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ കർമസമിതിയുടെ ആവശ്യം.
കൊടുങ്ങല്ലൂർ മേഖലയിലും മറ്റിടങ്ങളിലും ജനകീയ ആവശ്യം പരിഗണിച്ച് ദേശീയ പാത നിർമാണത്തിൽ മാറ്റം വരുത്താനും പുതിയ നിർമിതിക്കും എൻ.എച്ച്.എ.ഐ തയാറായിട്ടുണ്ട്. ഈ രീതിയിൽ കൊടുങ്ങല്ലൂരിന്റെ ജനകീയാവശ്യവും പരിഗണിക്കാൻ അധികാരികൾ തയാറാകണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ബൈപ്പാസ് ഓരത്ത് പന്തൽ കെട്ടി ആരംഭിച്ച സമരം 365 ദിനങ്ങൾ പിന്നിടുന്ന വ്യാഴാഴ്ച വൈകീട്ട് നാലിന് സമരം ശക്തമാക്കാൻ ലക്ഷ്യമിട്ട് സമരസമിതി കൺവെൻഷൻ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ സമര പന്തലിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും.
ബൈപ്പാസ് നിർമാണം ആരംഭിക്കും മുൻപേ എലിവേറ്റഡ് ഹൈവേയാണ് കൊടുങ്ങല്ലൂർ നഗരത്തിന് അനുയോജ്യമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് 13 വർഷങ്ങൾക്ക് മുമ്പ് ബൈപ്പാസ് തുറന്നതോടെ ഉണ്ടായ നിരവധി അപകടങ്ങളും മരണങ്ങളും. ബൈപ്പാസ് നിർമാണത്തിന് മുമ്പ് തന്നെ സി.ഐ ഓഫിസ് ഭാഗത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ശക്തമായ ജനകീയ മുന്നേറ്റത്തിനൊടുവിൽ അന്നത്തെ കലക്ടറുടെ സാന്നിധ്യത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർ എലിവേറ്റഡ് ഹൈവേ നിർമിക്കുമെന്ന് ഉറപ്പുനൽകുകയും തത്കാലം ഈ ഭാഗത്ത് സിഗ്നൽ സംവിധാനം ഏർപ്പെടുത്താമെന്നും ഉറപ്പുനൽകുകയുമായിരുന്നു.
ഇതേ തുടർന്നാണ് ആദ്യഘട്ടം 103 ദിവസം നീണ്ട സമരം സമാപിച്ചതും പിന്നീട് സി.ഐ ഓഫിസിനരികിൽ സിഗ്നൽ സംവിധാനം വന്നതെന്നും ഗുണഭോക്തൃസമിതി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപ്പാസിൽ ആരംഭിച്ച നിർമാണ പ്രവർത്തികളിൽ റോഡ് ക്രോസ് ചെയ്യാൻ ഒരു സൗകര്യവും ഒരുക്കില്ലെന്ന് വ്യക്തമായി.
അടിപ്പാതയെങ്കിലും നിർമിച്ചിലെങ്കിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നും ജനങ്ങൾ ഒറ്റപ്പെടുമെന്നുള്ള ആശങ്കയാണ് നാട്ടുകാർക്ക്. റോഡ് കടക്കാൻ വഴിയില്ലാതെയായൽ വിദ്യാർഥികൾ അടക്കമുള്ളവർ ദുരിതത്തിലാകും. താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, വില്ലേജ് ഓഫിസ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം തുടങ്ങി ഒരു പ്രദേശത്തെ വലിയൊരു വിഭാഗം മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി ഇടങ്ങളിലേക് പോകണമെങ്കിൽ മൂന്നു കിലോമീറ്ററെങ്കിലും ചുറ്റിസഞ്ചരിക്കണമെന്ന അവസ്ഥയാണുണ്ടാകുക. തന്നെയുമല്ല പൈതൃക പാതയും കൊട്ടിയടക്കപ്പെടും. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാണ് ഗുണഭോക്തൃ കർമസമിതി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.