കൊടുങ്ങല്ലൂർ: നഗരസഭയിലെ ചേരമാൻ ജുമാമസ്ജിദ് 41ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ചൂടേറിയ ത്രികോണ പോര്. ഡിസംബർ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് സമാപിച്ചു. പരസ്യപ്രചാരണത്തിൽ പ്രകടമായ വീറുംവാശിയും തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിലും പ്രകടമാകും.
കൊടുങ്ങല്ലൂരിലെ അഭിഭാഷകനായ ബി.ജെ.പി കൗൺസിലർ അഡ്വ. ടി.ഡി. വെങ്കിടേശ്വരൻ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സീറ്റ് നിലനിർത്താൻ ബി.ജെ.പിയിലെ ഗീത റാണിയും പിടിച്ചെടുക്കാൻ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി പി.യു. സുരേഷ് കുമാറും എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി ജി.എസ്. സുരേഷും തമ്മിലാണ് ത്രികോണ മത്സരം. കഴിഞ്ഞ മൂന്ന് തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി സ്ഥാനാർഥികളാണ് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
2010ൽ 56 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ബി.ജെ.പി. 2015ൽ ഭൂരിപക്ഷം 89ലേക്കും 2020ൽ 206 വോട്ടിലേക്കും ഉയർത്തുകയായിരുന്നു. അവസാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി -361, യു.ഡി.എഫ് -155, എൽ.ഡി.എഫ് -116 എന്നിങ്ങനെയായിരുന്നു വോട്ടുനില. മൂന്ന് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് രണ്ടാം സ്ഥാനത്തും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. ബി.ജെ.പി വാർഡിൽ നിന്നുതന്നെയുള്ള ഗീത റാണിയെ സ്ഥാനാർഥിയാക്കിയാണ് വാർഡ് നിലനിർത്താൻ ശ്രമിക്കുന്നത്.
വാർഡിൽ ഇത്തവണ യു.ഡി.എഫ് രംഗത്തിറക്കിയ പി.യു. സുരേഷ് കുമാർ സ്ഥലവാസിയും കോൺഗ്രസ് ജില്ല കമ്മിറ്റി അംഗവുമാണ്. വാർഡ് പിടിക്കാൻ കാര്യമായ പരിശ്രമത്തിലാണ് യു.ഡി.എഫും കോൺഗ്രസും.
ഒപ്പത്തിനൊപ്പം പോരാടുകയാണ് ഇടത് മുന്നണിയും. എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാഥാനാർഥി ജി.എസ്. സുരേഷ് മുൻ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂടിയാണ്. ഓരോ മുന്നണിയുടെയും നേതാക്കൾ വാർഡിൽ കേന്ദ്രീകരിച്ച് ആവേശകരമായ പ്രവർത്തനമാണ് നടത്തുന്നത്.
വാർഡിൽ മൊത്തം 831 വോട്ടർമാരാണുള്ളത്. 44 അംഗ കൗൺസിലിൽ എൽ.ഡി.എഫ് -22, ബി.ജെ.പി -21, യു.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ആറുവരെ ശൃംഗപുരം പി. ഭാസ്കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. ബുധനാഴ്ച നഗരസഭ ഓഫിസിലാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.