കൊടുങ്ങല്ലൂർ: മാധ്യമവും പ്രസ്ഥാനവും ജീവിതമാക്കിയ സൗമ്യശീലനായ വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച കൊടുങ്ങല്ലുർ കോതപറമ്പ് സ്വദേശി അബ്ദുൽ ഗഫൂർ. ജമാഅത്തെ ഇസ്ലാമിയുമായുള്ള സജീവ ബന്ധം വഴിയാണ് മാധ്യമത്തിലേക്ക് കടന്നുവന്നതും ജില്ലയിലെ പ്രാരംഭകാല ഏജൻറായതും. 1987ൽ പത്രം പുറത്തിറങ്ങുമ്പോൾ അത് സർവാത്മന നെഞ്ചേറ്റിയ അബ്ദുൽ ഗഫൂർ ശാരീരിക അവശതയെ തുടർന്ന് പിൻവാങ്ങിയ സമീപ കാലം വരെ മാധ്യമത്തിന് വേണ്ടി സൈക്കിൾ ചവിട്ടിയിരുന്നു.
മറ്റു പത്രങ്ങൾ കൊടികുത്തി വാഴുന്ന കളത്തിൽ വായനക്കാർക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു പത്രത്തിന് വരിക്കാരെ കണ്ടെത്താനും നിലനിർത്താനും അദ്ദേഹത്തിന്റെ പരിശ്രമം ഏറെ നിർണായകമായിരുന്നു.
ആദ്യകാലത്ത് കളറല്ലാത്ത എട്ട് പേജ് പത്രം കോഴിക്കോട്ടുനിന്ന് കൊടുങ്ങല്ലൂരിൽ എത്തുമ്പോൾ തന്നെ നേരം പുലരുമായിരുന്നു. എങ്കിലും ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന ഈ മനുഷ്യൻ പത്രക്കെട്ട് സൈക്കിളിൽ കെട്ടിവെച്ച് വരിക്കാരെ തേടി പായും.
ഒരു കോപ്പിക്ക് വേണ്ടി എത്ര ദൂരവും സൈക്കിൾ ചവിട്ടാൻ ഈ ഏജൻറിന് മടിയുണ്ടായിരുന്നില്ല. സംഭാവന പരിഗണിച്ച് തൃശൂർ എഡിഷൻ ഉദ്ഘാടന വേദിയിൽ അബ്ദുൽ ഗഫൂറിന് സ്നേഹാദരം അർപ്പിച്ചിരുന്നു. അന്ത്യോപചാരം അർപ്പിക്കാനും ഖബറടക്കത്തിനും നിരവധി പേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.