കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിന് വെളിച്ചം പകരാനുള്ള ഒറ്റയാൾ പോരാട്ടം നെഞ്ചേറ്റി റാന്തലുമായി സമരമുഖത്ത് മകനുമെത്തി. ബൈപാസ് റോഡിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒറ്റയാൾ പോരാട്ടം നടത്തവേ സമീപ പ്രദേശ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അബ്ദുൽ ലത്തീഫിന്റെ മകൻ ടുലിപ് ലത്തീഫാണ് പിതാവിന്റെ മുദ്രാവാക്യം ഉയർത്തി സമരത്തിൽ അണിചേർന്നത്.
മാസങ്ങളോളം റാന്തലേന്തി കൊടുങ്ങലൂർ ബൈപാസിലും വിവിധ ജനകീയ ആവശ്യങ്ങൾ ഉയർത്തി സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും ഒറ്റയാൾ സമരം ചെയ്തുവരുന്നതിനിടയിലായിരുന്നു ലത്തീഫിന്റെ അപകട മരണം. ഗൾഫിൽനിന്നെത്തിയ മറ്റൊരു മകനായ ടുത്തിൽ ലത്തീഫുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെ ആനാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കഴിഞ്ഞ 16ന് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രി വിട്ടിട്ടില്ല.
പിതാവിന്റെ മരണത്തിനും സഹോദരന്റെ ആശുപത്രി വാസത്തിനുമിടയിലാണ് ടുലിപ് ലത്തീഫ് വീട്ടിനടുത്ത പടാകുളം സിഗ്നലിൽ പിതാവിന്റെ സമരം ഏറ്റെടുത്തവരോടൊപ്പം അണിചേർന്നത്. പിതാവിന്റെ സമരായുധമായിരുന്ന റാന്തലും പ്ലക്കാർഡും കൈയിലേന്തിയായിരുന്നു മകനും രംഗത്തെത്തിയത്.
കെ.സി. സുധാകരൻ, എ.എം. അബ്ദുൽ ജബ്ബാർ, സുലൈഖ ബഷീർ, നജു ഇസ്മയിൽ, കെ.ആർ. വിജയകുമാർ, മൊയ്തീൻ എടച്ചാൽ, മിനി ശശികുമാർ, കെ.എ. ആനന്ദവല്ലി, കെ.എ. അബ്ദുൽ ഗഫൂർ, ബിജോയ് അരവിന്ദൻ, പുഷ്കല വേണു രാജ്, ഇസാബിൻ അബ്ദുൽ കരീം എന്നിവരും സമരത്തിൽ പങ്കാളികളായി.
കൊടുങ്ങല്ലൂർ: ചന്തപ്പുര-കോട്ടപ്പുറം ബൈപാസിൽ അടിയന്തരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് കീഴിലുള്ള ദേശീയപാത അതോറിറ്റി അധികൃതർ തയാറാകണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
ബൈപാസ് ഉദ്ഘാടനത്തോടനുബന്ധിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അന്ന് ദേശീയപാത അധികാരികൾ ടെൻഡർ നൽകിയെങ്കിലും കരാറുകാരൻ കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് പദ്ധതി നടപ്പിലായില്ല.
തുടർന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവരുടെ നേതൃത്വത്തിൽ മുസിരിസ് പ്രോജക്റ്റ് അധികാരികളുമായി ചർച്ച ചെയ്ത് 3.60 കോടി രൂപയുടെ ബൈപാസ് സൗന്ദര്യവത്കരണം, സ്ട്രീറ്റ് ലൈറ്റ് എന്നീ പദ്ധതികൾ ആവിഷ്കരിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടും പദ്ധതി നടപ്പിലാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നിഷേധിക്കുകയാണുണ്ടായത്.
ബൈപാസിൽ നിരന്തരം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന സാഹചര്യത്തിൽ തെരുവ് വിളക്ക് പദ്ധതി എത്രയും വേഗം നടപ്പാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ മുനിസിപ്പൽ എൽ.ഡി.എഫ് ചെയർമാൻ കെ.ആർ. ജൈത്രൻ, സെക്രട്ടറി സി.കെ. രാമനാഥൻ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.