കൊടുങ്ങല്ലൂർ: ജീവിതത്തിലെ പടവുകൾ പിന്നിടാൻ അറിവും ഊർജവും പകർന്നുനൽകിയ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിനെ ഹൃദയത്തോട് ചേർത്തുനിർത്താൻ ‘അലുമ്നി സ്ക്വയർ’. കോളജ് അങ്കണത്തിലെ ഈ മനോഹര നിർമിതി കലാലയവുമായുള്ള പൂർവ വിദ്യാർഥികളുടെ ആത്മബന്ധത്തിന്റെ സവിശേഷ സാക്ഷ്യംകൂടിയാണ്.
കോളജിലെ അലുമ്നി അസോസിയേഷൻ കേവലം പൂർവ വിദ്യാർഥി സംഘടന മാത്രമല്ലെന്ന് വിളിച്ചോതുകയാണ് ഈ നവസംരംഭം. കോളജിന്റെ മുന്നേറ്റത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്ന പൂർവവിദ്യാർഥി സംഘടനയുടെ സിൽവർ ജൂബിലി സ്മാരകം കൂടിയാണ് അലുമ്നി സ്ക്വയർ പ്രോജക്ട്. ഇവിടെനിന്ന് പഠിച്ചിറങ്ങിയവരുടെ അകമഴിഞ്ഞ സഹകരണത്തോടെ 30 ലക്ഷം ചെലവഴിച്ചാണ് നിർമാണം. 1500 ചതുരശ്ര അടിയിൽ ഓപൺ സ്റ്റേജും ഗാലറിയും ഓഫിസും ആകർഷകമായ ചുറ്റുവട്ടവും പടവുകളും ചേർന്ന ഇവിടം ഇനി കലാലയ ജീവിതത്തിന്റെ നിറമുള്ള ഓർമകളുടെ ഭാഗമാകും.
2023 മാർച്ചിൽ വി.എ. ഹസൻ (ഫ്ലോറ ഗ്രൂപ്) ശിലയിട്ട സ്ക്വയറിന്റെ ഉദ്ഘാടനം ഡിസംബർ 29ന് വൈകീട്ട് ആറിന് വി.ഐ. സലിം നിർവഹിക്കും. ഇരുവരും അലുമ്നി യു.എ.ഇ ചാപ്റ്റർ പാട്രൺമാരാണ്. കോളജിലെ ഓരോ പൂർവ വിദ്യാർഥി ഗ്രൂപ്പുകളുടെയും നിലവിലെ വിദ്യാർഥികളുടെയും ഇടം കൂടിയായി മാറുന്ന ഇവിടം മികച്ച ഫോട്ടോ പോയന്റായും ഉപയോഗിക്കാം.
കാറ്റാടി മരങ്ങളുടെ മർമരങ്ങൾക്കിടയിൽ പ്രകൃതി സൗഹൃദാന്തരീക്ഷത്തിന് ഇണങ്ങുംവിധമാണ് സ്ക്വയറും പരിസരവും. 1997ൽ സ്ഥാപിതമായ അലുമ്നി അസോസിയേഷന്റെ പഠന പ്രോത്സാഹനവും സേവന ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകപരമാണ്. ‘നാക്’ നേട്ടത്തിലും അസോസിയേഷൻ കൂടെയുണ്ട്. 20 ലക്ഷം ചെലവിട്ടാണ് നേരത്തേ കോളജിന് വിന്നേഴ്സ് ഹാൾ നിർമിച്ചു നൽകിയത്.
ഉന്നത വിജയം നേടുന്നവർക്ക് വർഷംതോറും സ്വർണ മെഡൽ നൽകിവരുന്നു. നൂറിലേറെ വിദ്യാർഥികൾക്ക് പ്രതിവർഷം സ്കോളർഷിപ് നൽകുന്നുണ്ട്. ഇതിനകം നാല് നിർധന വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകിയും സേവന വഴിയിൽ മാതൃകയായി. ഒപ്പം ചികിത്സ സഹായങ്ങളുമുണ്ട്. കോവിഡ് കാലത്ത് 40 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. വിവിധ രംഗങ്ങിൽ പ്രാഗല്ഭ്യം തെളിയിച്ച പൂർവ വിദ്യാർഥികൾ തങ്ങളുടെ വിജയവഴികൾ പിൻമുറക്കാർക്ക് പകർന്ന് നൽകുന്ന ‘ഇൻസ്പരേഷ്യ’ അലുമ്നിയുടെ മറ്റൊരു മാതൃക സംരംഭമാണ്.
ഡോ. കെ.പി. സുമേധൻ (പ്രസി), എം.കെ. നജീബ് (ജന. സെക്ര), പി.ആർ. ശ്രീധർ (ട്രഷ), നസീർ മാടവന, പി.എ. മുഹമ്മദ് സഗീർ, കെ.കെ. ഉമ എന്നിവർ ഉൾപ്പെടുന്ന നിരയാണ് അസോസിയേഷനെ കർമനിരതമാക്കുന്നത്. പ്രിൻസിപ്പൽ ഡോ. ബിജു, അഡ്വ. മുഹമ്മദ് നവാസ് (സെക്ര), ആസ്പിൻ അഷറഫ് (മാനേജിങ് കമ്മിറ്റി ചെയർ) എന്നിവരുൾപ്പെട്ട കോളജ് അധികൃതരുമായി സഹകരിച്ചാണ് അലുമ്നി അസോസിയേഷന്റെ പ്രവർത്തനം. ‘മെഹ്ഫിൽ’ ഗസൽ സന്ധ്യ ഉദ്ഘാടനത്തെ സംഗീതാത്മകമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.