കൊടുങ്ങല്ലൂർ: കാക്കിക്കുള്ളിലെ കരുതലിന്റെ ജാഗ്രതയിൽ ജീവിതം തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് കൊടുങ്ങല്ലൂർ കീഴ്ത്തളിയിലെ കളപുരക്കൽ അർജുൻ. സബ് ഇൻസ്പെക്ടർ ജയ്സന്റെയും സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷിന്റെയും സമയോചിത ഇടപെടലാണ് അർജുന് രക്ഷയായത്.
ശനിയാഴ്ച രാത്രി കൊടുങ്ങല്ലൂർ നഗരത്തിലെ തിയറ്ററിൽ സെക്കൻഡ് ഷോ കഴിഞ്ഞ് ആറാം ക്ലാസുകാരനായ മകൻ അഭിനവ് കൃഷ്ണയോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ് അർജുന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ മകൻ അഭിനവ് കൃഷ്ണ ചേരമാൻ മസ്ജിദിന് മുൻവശം വാഹന പരിശോധന നടത്തിയിരുന്ന എസ്.ഐ ജയ്സണോട് വിവരം പറഞ്ഞു. പൊലീസ് സംഘം എത്തിയപ്പോൾ അർജുൻ റോഡിൽ കുഴഞ്ഞുവീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ ജയ്സൺ അർജുന് സി.പി.ആർ നൽകി.
തുടർന്ന് വേഗത്തിൽ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ എത്തിച്ചു. പൊലീസ് നൽകിയ പ്രഥമ ശുശ്രൂഷയും സമയം കളയാതെ ആശുപത്രിയിൽ എത്തിച്ചതുമാണ് ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കീഴ്ത്തളിയിലെ വീട്ടിലെത്തി അർജുന്റെ പിതാവ് വിശ്വനാഥനെ ആശുപത്രിയിലെത്തിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.