കയ്പമംഗലം (തൃശൂർ): മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികയുടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്തും ജനമൈത്രി പൊലീസും. എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡിൽ പള്ളത്ത് പരേതനായ പുഷ്പാംഗദെൻറ ഭാര്യ പുഷ്പാവതിക്കാണ് (72) എടത്തിരുത്തി പഞ്ചായത്ത് അധികൃതരും കയ്പമംഗലം ജനമൈത്രി പൊലീസും ചേർന്ന് സംരക്ഷണം ഒരുക്കിയത്.
മൂന്ന് മക്കളുള്ള ഇവർ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. മൂത്ത മകനും രണ്ടാമത്തെ മകളും വിദേശത്തും മറ്റൊരു മകൾ കുടുംബവുമൊത്ത് ഇരിങ്ങാലക്കുടയിലുമാണ്. കിടപ്പിലായിരുന്ന പുഷ്പാവതിയെ അസുഖം കൂടിയതിനെ തുടർന്ന് മൂന്നാം വാർഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കിടത്തിച്ചികിത്സ വേണമെന്നും കൂടെ ആൾ നിൽക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചതോടെ മക്കളെ ബന്ധപ്പെട്ടു. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് അവർ ഒഴിവാകുകയായിരുന്നു. ഒരു ഹോം നഴ്സിനെയെങ്കിലും നിർത്താനാവശ്യപ്പെട്ടെങ്കിലും മക്കൾ സമ്മതിച്ചില്ല. ഒടുവിൽ അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മക്കൾ തീർത്തുപറഞ്ഞു. ഇതോടെ ആര് ഉപേക്ഷിച്ചാലും ഈ അമ്മയെ സംരക്ഷിക്കുമെന്ന ഉറപ്പുമായി എടത്തിരുത്തി പഞ്ചായത്തും കയ്പമംഗലം ജനമൈത്രി പൊലീസും മുന്നിട്ടിറങ്ങുകയായിരുന്നു.
വാർഡ് അംഗം എം.എസ്. നിഖിലും ആശ വർക്കർ അംബികയും മാറി മാറി ആശുപത്രിയിൽ കൂട്ടിരിപ്പുകാരായി. നാലുദിവസത്തെ ചികിത്സക്ക് ശേഷം പുഷ്പാവതിക്ക് അസുഖം കുറഞ്ഞു. കോവിഡ് സമയമായതിനാൽ അഗതി മന്ദിരത്തിൽ പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും കയ്പമംഗലം ജനമൈത്രി പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരം ഭാരവാഹികളായ ജലീലും ഭാര്യ നസീമയും പുഷ്പാവതിക്ക് സൗജന്യമായി താമസവും പരിചരണവും നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് പുഷ്പാവതിയെ ദയയിലേക്ക് മാറ്റി.
പഞ്ചായത്ത് അധികൃതരും നാട്ടുകാരും കലക്ടർ, സാമൂഹികനീതി വകുപ്പ് തുടങ്ങിയവർക്ക് പരാതി നൽകി. പരാതിയിൽ മക്കൾക്കെതിരെ കേസെടുക്കുമെന്ന് കയ്പമംഗലം പൊലീസ് അറിയിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ചന്ദ്രബാബു, വാർഡ് അംഗം എം.എസ്. നിഖിൽ, കയ്പമംഗലം എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ സി.കെ. ഷാജു, എസ്.സി.പി.ഒ മുഹമ്മദ് റാഫി, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, പൊതുപ്രവർത്തകൻ പ്രശോഭിതൻ മുനപ്പിൽ തുടങ്ങിയവരുടെ ഇടപെടലിലാണ് പുഷ്പാവതിക്ക് സംരക്ഷണം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.