കൊടുങ്ങല്ലൂർ: പൊട്ടിച്ചിരിയോടൊപ്പം കണ്ണീരിന്‍റെ നനവുമുള്ള ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര വേദിയിൽ അനശ്വര പ്രതിഭയായി തിളങ്ങിയ കൊടുങ്ങല്ലൂരിന്‍റെ സ്വന്തം ബഹദൂർ എന്ന കുഞ്ഞാലു ഓർമയായിട്ട് 22 വർഷം. 2000 മേയ് 21ന് ചെന്നൈയിലായിരുന്നു ആ വിയോഗം. 22ന് കൊടുങ്ങല്ലൂർ മുഗൾ തിയറ്ററിൽ പൊതുദർശനത്തിനുശേഷം എടവിലങ്ങ് കാരയിലെ തറവാട്ടിൽ കൊണ്ടുവന്ന ശേഷമാണ് കാതിയാളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.
പടിയത്ത് കൊച്ചു മൊയ്തീന്‍റെ മകനായി ജനിച്ച കുഞ്ഞാലുവിന് സ്കൂൾ പഠനകാലത്ത് തന്നെ അഭിനയത്തോടുള്ള അഭിനിവേശം ഉടലെടുത്തിരുന്നു. ക്രമേണ കലാരംഗത്തേക്ക് ചുവടുവെച്ചുവെങ്കിലും ജീവിത പ്രാരാബ്ദം പ്രതിസന്ധിയായതോടെ കണ്ടക്ടർ ജോലി തേടേണ്ടി വന്നു. എന്നാൽ, അധികം കഴിയും മുമ്പേ നാടക രംഗത്തും ഒപ്പം ചലച്ചിത്ര വേദിയിലേക്കും അദ്ദേഹം കടന്നു. ആ കാലത്തെ പ്രധാന നടൻമാരിൽ ഒരാളായ തിക്കുറുശ്ശി സുകുമാരൻ നായരാണ് കുഞ്ഞാലുവിനെ സിനിമ രംഗത്തെ ബഹദൂറാക്കി മാറ്റിയത്.
വർഷങ്ങളോളം കൊടുങ്ങല്ലൂരിനെ മലയാള ചലച്ചിത്ര വിഹായസിൽ അഭിമാനപൂർവം അടയാളപ്പെടുത്തിയ ബഹദൂർ പ്രശസ്ത കലാകാരൻ എന്നതോടൊപ്പം മനുഷ്യസ്നേഹിയായ വ്യക്തിത്വം കൂടിയായിരുന്നു. ആ കാരുണ്യം നിറഞ്ഞ മനസ്സ് നിരവധി പേർക്ക് തുണയേകിയിട്ടുണ്ട്. അടുത്തിടെ മരിച്ച അദ്ദേഹത്തിന്‍റെ ഭാര്യയും ആ പാത പിന്തുടർന്നിരുന്നു.
'ജോക്കർ' സിനിമയിൽ 'കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ' സർക്കസ് കലാകാരനായി ഏവരുടെയും ഉള്ളുലക്കുന്ന കഥാപാത്രമായാണ് അനശ്വര നടൻ അവസാനം വേഷമിട്ടത്. വേർപാടിനുശേഷം വർഷങ്ങളോളം ഓർമദിനത്തിൽ കൊടുങ്ങല്ലൂരിൽ പുരസ്കാര സമർപ്പണം ഉൾപ്പെടെ വലിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജന്മഗ്രാമമായ കാരയിലും അനുസ്മരണങ്ങൾ നടക്കാറുണ്ടായിരുന്നു.
അതേസമയം, ബഹദൂർ ചാരിറ്റീസ് നടപ്പാക്കിവരുന്ന പ്ലസ് ടു മുതൽ പ്രഫഷനൽ കോഴ്സ് വരെ പഠിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണം മികച്ച തോതിലാണ് മുന്നോട്ടുപോകുന്നത്. ബഹദൂറിന്‍റെ സഹോദരി ആരിഫയും ഭർത്താവ് മുഹമ്മദ് മൂപ്പനും മേൽനോട്ടം വഹിക്കുന്ന ഈ സംരംഭം വഴി സഹായഹസ്തം ലഭിച്ചവർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.