കൊടുങ്ങല്ലൂർ: സമ്പൂർണ ജൈവവൈവിധ്യ പരിപാലനത്തിലൂടെ കാർബൺ തുല്യത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ കാർബൺ തുല്യത റിപ്പോർട്ടിങ് സർവേ തയാറാക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തായി ശ്രീനാരായണപുരം. സർവേയുടെ പ്രവർത്തനോദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ശിൽശാലയിൽ പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലൂടെയുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിയന്ത്രിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കാനാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
ഊർജോൽപാദനം, നിർമാണമേഖല, ഗതാഗതം, കൃഷി, കന്നുകാലി വളർത്തൽ, ഭൂവിനിയോഗം, വ്യവസായികം, മാലിന്യം തുടങ്ങിയ മേഖലകളിൽ പഠനം നടത്തി ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 21 വാർഡുകളിലും ഫീൽഡ് സർവേ നടത്താനും ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാർബൺ ശേഖരണത്തെക്കുറിച്ചുള്ള പഠനം നടത്താനുമായി 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നോഡൽ ഏജൻസിയായി ഐ.ആർ.ടി.സിയെയാണ് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിരിരിക്കുന്നത്.
സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിൽ സീറോകാർബൺ യാഥാർഥ്യമാക്കാനായി ഹ്രസ്വകാല- ദീർഘകാല ബഹുവർഷ പദ്ധതികളും നടപ്പാക്കാനാണ് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. കേരള ബയോഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ച് വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കിവരുന്നത്. സുസ്ഥിര വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, പ്രഫ. ഡോ. എം.കെ. ജയരാജ്, ജൈവ വൈവിധ്യ ബോർഡ് അംഗം കെ.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.