കൊടുങ്ങല്ലൂർ: 131ാം ദിനത്തിലെത്തിയ ബൈപാസ് വഴിവിളക്ക് സമരവേദിയിൽ ആഹ്ലാദം പടർത്തി പിറന്നാളാഘോഷം. സാമൂഹിക പ്രസക്തമായ സമരവേദികളിലെ ആവേശസാന്നിധ്യമായ കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ പ്രസിഡന്‍റ് കെ.എ. ആനന്ദവല്ലി ടീച്ചറുടെ പിറന്നാളാണ് സമരവേദിയിൽ ആഘോഷിച്ചത്.
83ലെത്തിയ ടീച്ചർക്ക് കൊടുങ്ങല്ലൂർ സി.ഐ സിഗ്നൽ സമരവേദിയിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് സമരസംഘം സ്നേഹമറിയിച്ചത്. സ്ത്രീ കൂട്ടായ്മ മുന്നിലുള്ള അബ്ദുൽ ലത്തീഫ് സ്മൃതി സത്യഗ്രഹസമിതിയാണ് 131 ദിവസമായി കൊടുങ്ങല്ലൂർ ബൈപാസിൽ വഴിവിളക്കിനായി സമരം ചെയ്യുന്നത്.
കൊടുങ്ങല്ലൂരിലെ മദ്യനിരോധന സമിതി, ഗാന്ധിയൻ കലക്ടിവ്, മനുഷ്യാവകാശ കൂട്ടായ്മ തുടങ്ങി വിവിധ സംഘടനകളുടെയും സമര കൂട്ടായ്മകളുടെയും മുൻപന്തിയിലും കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിലെ വിരമിച്ച അധ്യാപികയായ ഇവരുണ്ട്.
സമരയിടത്തിൽ നടന്ന സ്വീകരണ ചടങ്ങിന് ഇ.കെ. സോമൻ നേതൃത്വം നൽകി. നെജു ഇസ്മയിലും ടി.ജി. ലീനയും ചേർന്ന് പൊന്നാടയണിയിച്ചു. കെ.കെ. സഫറലി ഖാൻ, ഈശ്വരി, എ.എം. അബ്ദുൽ ജബ്ബാർ, സുലേഖ ബഷീർ, മാലതി, എ.കെ. നസീമ, പുഷ്കല വേണുരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.