കൊടുങ്ങല്ലൂർ: വഴിയോര ഷവർമ വിൽപന പാടില്ലെന്ന് നിർദേശിച്ച സി.പി.എം അനുഭാവ മുനിസിപ്പൽ സംഘടന ഭാരവാഹിയായ വനിതക്ക് സി.ഐ.ടി.യു നേതാവിന്‍റെ ഭീഷണിയും അവഹേളനവും.
സംഭവം സംബന്ധിച്ച് വനിത ജീവനക്കാരി നഗരസഭ അധികാരികൾക്ക് നൽകിയ പരാതി രണ്ട് ദിവസം വെച്ചുതാമസിപ്പിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. കൊടുങ്ങല്ലൂർ നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ എസ്.എൻ പുരം സ്വദേശിനിക്കാണ് ഭീഷണിയും അവഹേളനവും നേരിടേണ്ടിവന്നത്. നഗരസഭ ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യു യൂനിറ്റ് പ്രസിഡന്‍റായ ഇവർക്കുനേരെ നേരത്തെയും ഈ നേതാവിന്‍റെ ഭീഷണി ഉണ്ടായിട്ടുണ്ട്.
വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹിയായ നേതാവ് കൊടുങ്ങല്ലൂർ നഗരസഭയിലെ മുൻ കൗൺസിലർകൂടിയാണ്. ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടർന്ന് സംസ്ഥാന വ്യാപകമായി ഭക്ഷണശാലകൾ പരിശോധനയും നടപടികളും നടന്നുവരുകയാണ്. വകുപ്പുതല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ വാഹനത്തിലെത്തി അനധികൃത ഷവർമ വിൽപന നടത്തുന്ന ആൾക്കാണ് ജെ.എച്ച്.ഐ നിർദേശം നൽകിയത്. ഇതേതുടർന്ന് രണ്ടാം തീയതി രാവിലെയാണ് സി.ഐ.ടി.യു നേതാവ് നഗരസഭ ആരോഗ്യവിഭാഗത്തിലെത്തിയത്. കൂടെ കച്ചവടക്കാരനും ഉണ്ടായിരുന്നു.
ആദ്യം എച്ച്.ഐക്ക് നേരെ കയർത്ത നേതാവ് പിന്നീടാണ് ജെ.എച്ച്.ഐക്ക് നേരെ തിരിഞ്ഞത്. മറ്റുജീവനക്കാരുടെ മുന്നിലാണ്, കർത്തവ്യനിർവഹണത്തിന്‍റെ പേരിൽ വനിത ജീവനക്കാരി കടുത്ത രീതിയിൽ അധിക്ഷേപിക്കപ്പെട്ടത്. ഉടൻ ഇവർ പരാതി നൽകിയെങ്കിലും നാലാം തീയതിയാണ് നഗരസഭ അധികാരികൾ പൊലീസിന് കൈമാറിയത്. ആരിൽനിന്നും വേണ്ടത്ര പിന്തുണയും ഇവർക്ക് ലഭിച്ചിട്ടില്ല. ഭീഷണിയുടെ ബലത്തിൽ ഷവർമ വിൽപന തുടർന്നുകൊണ്ടിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.