കൊടുങ്ങല്ലൂർ: റേഷനരി കഴുകിയ വെള്ളത്തിന് ചുവപ്പ് നിറം. അരിയുടെ നിറവും മാറി. ഇതോടെ അരിയിൽ മായം കലർന്നെന്ന സംശയം ഉയർന്നു. മതിലകത്തെ എ.ആർ.ഡി 164 നമ്പർ റേഷൻ കടയിൽനിന്ന് വാങ്ങിയ മട്ട അരിയിലാണ് ഈ മറിമായം. അരി ചൂടുവെള്ളത്തിൽ കഴുകിയപ്പോഴാണ് ചുവന്ന കളർ വേർതിരിഞ്ഞത്. അരി കഴുകിയ പ്ലാക്കൽ ജെസി എന്ന വീട്ടമ്മയുടെ കൈകളിൽ മെഴുക്ക് രൂപേണയുള്ള ചുവപ്പ് നിറമുണ്ടായി. ഏതോ മൂലകത്തിന് സമാനമായ വസ്തു ഉള്ളംകൈയിൽ പറ്റിപിടിക്കുകയായിരുന്നു.
ചുടുവെള്ളത്തിൽ മട്ടഅരി കഴുകിയ മറ്റൊരു കാർഡുടമയും സമാന പരാതി പറഞ്ഞതായി റേഷൻ കട നടത്തിപ്പുകാരൻ പറഞ്ഞു. അതേസമയം, ഇതേ അരി പച്ചവെള്ളത്തിൽ കഴുകിയപ്പോൾ യാതൊരു മാറ്റവും ഉണ്ടായില്ലെന്ന് കാർഡുടമയായ ജെസിയും പറഞ്ഞു .
ഇതോടെ സമാന അരി വാങ്ങി പച്ചവെള്ളത്തിൽ കഴുകി പാചകം ചെയ്തവരൊന്നും അരിയിലെ ചുവന്ന കളർ അറിഞ്ഞിട്ടില്ലെന്ന് കരുതുന്നു.
പള്ളിക്കൽ ഫുഡ് പ്രൊഡക്ട്സ് വിതരണത്തിന് എത്തിച്ച അരി വാങ്ങിയ കാർഡ് ഉടമക്കാണ് നിറം മാറ്റം പ്രകടമായതെന്നും കൂടുതൽ പേർക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോയെന്ന് അറിവായിട്ടില്ലെന്നും റേഷൻ കടയിൽ പരിശോധന നടത്തിയ റേഷനിങ് അധികൃതർ പറഞ്ഞു.
സപ്ലൈക്കോ സംഭരിക്കുന്ന നെല്ല് അരിയാക്കി നൽകുന്ന മില്ലാണിത്. റേഷൻ കടയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച താലൂക്ക് റേഷനിങ് ഇൻസ്പെക്ടർ പ്രസ്തുത അരി ശേഖരം വിൽക്കേണ്ടതില്ലെന്ന് നിർദേശം നൽകി.
നിറ മാറ്റം കണ്ട ചാക്കിലെ അരിയുടെ സാമ്പിളും ആർ.ഐ ശേഖരിച്ചു. തുടർ നടപടിയെന്ന റിലയിൽ സാമ്പിൾ ക്വാളിറ്റി കൺട്രോളറുടെ പരിശോധനക്ക് അയക്കുമെന്നും ഇതിന്റെ ഫലം ലഭിച്ച ശേഷം മാത്രമേ അരിയിലെ നിറത്തെ കുറിച്ച് കൃത്യമായ വിവരം പറയാനാകൂവെന്ന് ആർ.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.