കൊടുങ്ങല്ലൂർ: നഗരസഭയിൽ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ചാർജ് ചെയ്ത കേസുകൾ പരസ്പര ധാരണയോടെ ഒത്തുതീരുന്നു. ഭരണപക്ഷമായ ഇടതുപക്ഷ കൗൺസിലർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തെ ബി.ജെ.പി കൗൺസിലർമാർ പ്രതികളായി എടുത്ത കേസും തിരിച്ചുള്ള കൗണ്ടർ കേസുമാണ് വിചാരണക്ക് ശേഷം പരസ്പര ധാരണയിൽ തീരുന്നത്.
ഇരുകൂട്ടരും പരാതിയില്ലെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു. 2022 മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ബൈപ്പാസിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി കൗൺസിലർമാർ ഉയർത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.
മിനുട്സിൽ ഒപ്പിടാൻ അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തി അന്നത്തെ ചെയർപേഴ്സൻ ഷിനിജയെ ചേംബറിൽ തടഞ്ഞ് വെച്ചതോടെ ഇരുകൂട്ടരും തമ്മിലുള്ള ബലാബലത്തിലേക്ക് കാര്യങ്ങൾ നീങ്ങി. പൊലീസെത്തി അനുരഞ്ജനം നടത്തിയതോടെയാണ് രംഗം ശാന്തമായത്.
ഇതിനു പിറകെ ചെയർപേഴ്സൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ കൗൺസിലർമാരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ബി.ജെ.പികൗൺസിലർമാരും ആശുപത്രിയിലെത്തി. തുടർന്ന് ഇരുകൂട്ടരുടെയും മൊഴി പ്രകാരം പൊലീസ് എടുത്ത കേസുകളാണ് ഒത്തുതീരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.