കൊടുങ്ങല്ലുർ: ജീവിതത്തിലേക്ക് നടന്നുകയറിയ പിതാവിനൊപ്പം നന്ദി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ മകന് രക്ഷകരായ പൊലീസിന്റെ അഭിനന്ദനം. വിജനമായ നടുറോഡിൽ ജീവനുവേണ്ടി പിടഞ്ഞപ്പോൾ സമയോജിതമായ രക്ഷാദൗത്യത്തിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കാണാൻ അർജുനോടൊപ്പം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മകൻ അഭിനവ് കൃഷ്ണൻ അഭിനന്ദനം ഏറ്റുവാങ്ങിയത്. ശനിയാഴ്ച അർധരാത്രി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന് മുൻവശം റോഡിൽ കുഴഞ്ഞുവീണ കീഴ്ത്തളി സ്വദേശി അർജുനെ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയ്സന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടലാണ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കരുതലോടെ രക്ഷാദൗത്യം നടത്തിയ പൊലീസ് സംഘത്തെ മേലധികാരികൾ അഭിനന്ദിച്ചിരുന്നു.
അർജുനനോടൊപ്പം ഉണ്ടായിരുന്ന മകൻ അഭിനവ് കൃഷ്ണ പരിസരത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനടുത്തെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് സബ് ഇൻസ്പെക്ടർ ജെയ്സന്റെ നേതൃത്വത്തിൽ പൊലീസുകാർ സ്ഥലത്തെത്തിയത്. 11 വയസ്സുകാരനായ അഭിനവ് കൃഷ്ണയുടെ അനിതരസാധാരണമായ കാര്യപ്രാപ്തിയാണ് സംഭവത്തിൽ ഇടപെടാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അഭിനവ് കൃഷ്ണയെ ഇൻസ്പെക്ടർ ബൈജു ഇ.ആർ. പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. എസ്.സി.പി.ഒ ഗിരീഷ്, കെ.എ.പി ഒന്നാം ബറ്റാലിയൻ എസ്.പി.ഒ ഗിരീഷ് എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.