കൊടുങ്ങല്ലുർ: സി.പി.എമ്മിന് പുകിലായി കൊടുങ്ങല്ലൂരിലെ വേദി പങ്കിടൽ. കൊടുങ്ങല്ലൂരിൽ നടൻ ദിലീപിന്റെ ഡി-സിനിമാസ് ഉദ്ഘാടന വേദിയിലാണ് ഡി.വൈ.എഫ്.എ നേതാവായിരുന്ന കെ.യു. ബിജുവിനെ വധിച്ച കേസിൽ കോടതി വെറുതെ വിട്ട എ.ആർ. ശ്രീകുമാറും സി.പി.എം കൊടുങ്ങല്ലുർ ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രനും പങ്കെടുത്തത്.
ചടങ്ങിന്റെ ഉദ്ഘാടകയായ സി.പി.എം നേതാവുകൂടിയായ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീതയും വിമർശം നേരിടുന്നുണ്ട്. ബി.ജെ.പി മുൻ ജില്ല വൈസ് പ്രസിഡന്റുകൂടിയാണ് ശ്രീകുമാർ.
കെ.യു. ബിജു വധക്കേസിൽ 13 ആർ.എസ്.എസ്.- ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെ വിട്ടതിന്റെ ആഘാതവും രോഷവും നിലനിൽക്കുന്നതിനിടയിലാണ് വിവാദം. കേസിൽ സി.പി.എം നേതൃത്വം വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് അണികൾക്കിടയിൽ തന്നെ ആക്ഷേപവും ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വേദി പങ്കിടൽ വിവാദം ഉയരുന്നത്.
ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ എന്ന നിലയിലാണ് ഏരിയാ സെക്രട്ടറിയായ ജൈത്രൻ പങ്കെടുത്തത്. ചടങ്ങ് തുടങ്ങുമ്പോൾ ശ്രീകുമാർ സദസ്സിലാണ് ഇരുന്നിരുന്നത്. സദസ്സിൽ പങ്കെടുക്കുന്നവരുടെ പേര് വേദിയിൽ അനൗൺസ് ചെയ്തപ്പോഴും ശ്രീകുമാറിനെ വിളിച്ചിരുന്നില്ല.
എന്നാൽ ഉദ്ഘാടന ചടങ്ങിൽ നിലവിളക്കിൽ തിരി കൊളുത്തുന്നതിന്റെ അവസാനത്തിൽ സംഘാടകരിലൊരാൾ വേദിയിൽ നിന്നിറങ്ങി സദസ്സിലെത്തി ശ്രീകുമാറിനെ വിളിച്ച് തിരിതെളിക്കാൻ അവസരം നൽകുകയായിരുന്നു. വേദിയിൽ എല്ലാവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ പുറത്ത് വന്നതിന് പിറകെ രൂക്ഷ വിമർശമാണ് ജൈത്രൻ നേരിടുന്നത്. ശ്രീകുമാറിന്റെ സാന്നിധ്യം ബോധ്യപ്പെട്ട വേളയിൽ ജൈത്രൻ വേദി വിടണമായിരുന്നുവെന്നാണ് വിമർശകരുടെ പക്ഷം.
പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് വരെ പരാതി നൽകിയിട്ടുണ്ടെനും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.