കൊടുങ്ങല്ലൂർ: താമസ, വാണിജ്യ വ്യവസായ കെട്ടിട നികുതി വർധിപ്പിക്കാനുള്ള കൊടുങ്ങല്ലൂർ നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനഫണ്ട് വിപുലീകരിക്കാൻ സർക്കാർ നൽകിയ അവകാശത്തിന്റെ ചുവടുപിടിച്ച് ആദ്യത്തെ നടപടിയെന്നോണം കെട്ടിട ഉടമകളുടെ മേലാണ് ഈ കടന്നുകയറ്റമെന്ന് കേരള ബൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കൊടുങ്ങല്ലൂർ യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മൂന്ന് വർഷം മുമ്പ് കെട്ടിട നികുതി മുൻകാല പ്രാബല്യത്തോടെ ഇരട്ടിയായി വർധിപ്പിച്ച തീരുമാനം കെട്ടിട ഉടമകൾ അംഗീകരിച്ചിരുന്നു. അതിന്മേൽ ഇപ്പോൾ വീണ്ടും ഉയർന്ന തോതിൽ പുനർനിർണയം വരുന്നതോടെ കെട്ടിട ഉടമകളുടെ നട്ടെല്ലൊടിയുന്ന അവസ്ഥയാണ് സംജാതമാകുന്നത്. അഞ്ച് ശതമാനം അടിസ്ഥാന നികുതിയിൽ ലൈബ്രറി സെസ് ഒടുക്കുന്നുണ്ട്.
ഇതുകൂടാതെ 10 ശതമാനം ഉപസേവന നികുതിയും പുറമെ അഞ്ച് വർഷം കൂടുമ്പോഴുള്ള അഞ്ച് ശതമാനം നികുതിവർധനവും കൊടുക്കേണ്ടി വരുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്ലാസ്റ്റിക്, മാലിന്യ ശേഖരണത്തിന് തത്സമയം ഫീസ് കൊടുക്കുന്നുണ്ട്. ഈ പേരിലെല്ലാം പിരിക്കുന്ന നികുതി നഗരസഭയുടെ മുതൽക്കൂട്ടായി മാറുകയാണ്.
വർധനവ് വീടുകൾക്കും ബാധകമാണ്. മറ്റു നഗരസഭകൾ ഒന്നുംതന്നെ ഇത്തരമൊരു ഉപസേവന നികുതി വർധന തീരുമാനം നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഈ ചൂഷണം അവസാനിപ്പിക്കാൻ ജനശബ്ദം ഉയരേണ്ടതായിട്ടുണ്ട്.
ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനും തുടർനടപടികൾക്കും എല്ലാ വീട്ടുടമകളുടെയും വാടക, വാണിജ്യ, വ്യവസായ കെട്ടിട ഉടമകളുടെയും സംയുക്തയോഗം കൂടാനും തീരുമാനിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ യൂനിറ്റ് പ്രസിഡന്റ് കെ.കെ. രവി, സെക്രട്ടറി കെ. ബാലഗോപാലൻ, ജോയന്റ് സെക്രട്ടി വിജയകുമാർ തുമ്പരപ്പുള്ളി, എക്സിക്യൂട്ടിവ് അംഗം സിദ്ദീക്ക് പഴങ്ങാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.