കൊടുങ്ങല്ലൂർ: നഗരസഭ റോഡിലെ മരണക്കെണിയിൽ പെട്ട് പരിക്കേൽക്കുന്ന യാത്രികരുടെ എണ്ണം ഏറുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ 30, 31 വാർഡുകൾക്കു മധ്യേയുള്ള ആനാട് റോഡിലാണ് അത്യന്തം അപകടകരവും ശോച്യവുമായ അവസ്ഥയുള്ളത്.
റോഡിന്റെ 200 മീറ്ററോളം ഭാഗവും അതോടൊപ്പമുള്ള വളവും ചെറിയൊരു മഴ പെയ്താൽ മുട്ടിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളാണ്. ഈ ഭാഗത്താകട്ടെ റോഡ് തകർന്ന് മരണക്കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴികളിൽ ചാടിയാണ് യാത്രികർ നിലം പൊത്തുന്നത്.
2020-‘21 സാമ്പത്തിക വർഷത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കു കീഴിൽ ഈ റോഡ് പുനരുദ്ധാരണം നടത്തിയിരുന്നുവെങ്കിലും കാലവർഷം വന്നതോടെ വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ഒരു മഴ പെയ്താൽ കുഴികൾ കാണാൻ പറ്റുന്നില്ല.
ഈ സാഹചര്യത്തിൽ ഇത് വഴി പോകുന്ന സൈക്കിൾ യാത്രികരും മറ്റു ഇരുചക്രയാത്രക്കാരും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള കാൽനടക്കാരും കുഴികളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. മേത്തല സി.എച്ച്.സി, മേത്തല യു.പി സ്കൂൾ, കോട്ടപ്പുറം സ്കൂൾ, മേത്തല ഫീനിക്സ് സ്കൂൾ, അഴിക്കോടുള്ള സ്കൂളുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ കൂടാതെ ഒട്ടനവധി സ്കൂൾ ബസുകൾ.
കോട്ടപ്പുറം മാർക്കറ്റിലേക്കുള്ള തൊഴിലാളികൾ, കച്ചവടക്കാർ എന്നിവർ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന തിരക്കേറിയ റോഡാണിത്. നിലവിൽ ഈ റോഡിനു സമീപം താമസിക്കുന്നവർക്ക് റോഡിലേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ കാന പണിയുന്നതുൾപ്പെടെ നിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.