കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ വിഷ വാതകം ശ്വസിച്ച് ജീവനൊടുക്കിയ നാലംഗ കുടുംബത്തെ ചരിത്ര പ്രസിദ്ധമായ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഉഴുവത്തുകടവ് കാടാംപറമ്പത്ത് പരേതനായ ഉബൈദിന്റെ മകൻ ആസിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (ഏഴ്) എന്നിവർക്കായി അടുത്തടുത്താണ് ഖബറൊരുക്കിയത്. രാത്രി ഏഴിനുശേഷമായിരുന്നു ഖബറടക്കം. ചേരമാൻ ജുമാമസ്ജിദിന്റെ ചരിത്രത്തിൽ ആദ്യമാണ് ഏവരുടെയും ഉള്ളുലക്കുന്ന ഇങ്ങനെയൊരു കൂട്ട ഖബറടക്കം നടന്നത്.
ഉറ്റവരുടെയും നാടിന്റെയും മറ്റും കണ്ണീരും പ്രാർഥനകളും അന്ത്യോപചാരവും ഏറ്റുവാങ്ങിയാണ് രണ്ട് കുഞ്ഞുമക്കളും മാതാപിതാക്കളും അടങ്ങുന്ന നാലംഗ കുടുംബം അന്ത്യയാത്രയായത്. പള്ളിയിലും വീട്ടിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തിൽ നാട്ടുകാരും ബന്ധുമിത്രാദികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
ഞായറാഴ്ച രാവിലെയാണ് നാലുപേരെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. സ്വന്തമായി ഉൽപാദിപ്പിച്ച കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണം. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ വൈകുന്നേരത്തോടെ ഉഴുവത്ത് കടവിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അത്യന്തം ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു. കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അടക്കിപിടിച്ച തേങ്ങലോടെയാണ് മൃതദേഹങ്ങൾ ഒരുനോക്ക് കണ്ടത്.
ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യോപചാരം അർപ്പിച്ചു. കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽനിന്നുള്ളവരും എത്തിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡേവീസ് മാസ്റ്റർ, നഗരസഭ ചെയർപേഴ്സൻ ഷിനിജ, നേതാക്കളായ എം.എം. വർഗീസ്, ടി.എം. നാസർ, പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദലി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
നേരത്തേ ബെന്നി ബെഹനാൻ എം.പി, വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉൾപ്പെടെ മരണങ്ങൾ നടന്ന വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
വിഷവാതകം കാർബൺ മോണോക്സൈഡെന്ന് സ്ഥിരീകരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ നാലാംഗ കുടുംബത്തിന്റെ കൂട്ടമരണം കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗവ. മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം ഇതു സംബന്ധിച്ചുള്ള പ്രാഥമിക വിവരം പൊലീസിന് കൈമാറി. ആസിഫ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ പൊലീസിലെ സൈബർ വിദഗ്ധർ പരിശോധിക്കും. ആസിഫിൽ നേരത്തേ തന്നെ ആത്മഹത്യചിന്ത മുളപൊട്ടിയിരുന്നതായാണ് പൊലീസ് നിഗമനം. വിഷവാതകം ഒരുക്കുന്നതിന് രാസവസ്തുക്കൾ ഓൺലൈനിൽ ജനുവരിയിൽ ഓർഡർ ചെയ്തതായാണ് പാക്കറ്റുകളിൽനിന്ന് ലഭിക്കുന്ന വിവരം. ജോലി ചെയ്യുന്ന ഐ.ടി സ്ഥാപനത്തിൽനിന്ന് നാലു മാസമായി ആസിഫിന് ശമ്പളം കിട്ടിയിട്ടില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ധനകാര്യ സ്ഥാപനത്തിൽനിന്ന് വിളിച്ചെടുത്ത ഒരു കോടിയുടെ രണ്ട് കുറികളുടെ അടവ് ആറ് വർഷമായി മുടങ്ങിയതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ താമസിക്കുന്ന സ്ഥലം പണയപ്പെടുത്തിയാണ് കുറി വിളിച്ചെടുത്തത്. ഓൺലൈൻ ട്രേഡിങ്ങിൽ സംഭവിച്ച നഷ്ടങ്ങളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. അതേ സമയം ആസിഫിന്റെ കടബാധ്യത കാര്യമായി ആർക്കും അറിയില്ല. ഇതിനിടെ ആസിഫിന്റെ വീട്ടുകാർക്കെതിരെ ഭാര്യ അബിറയുടെ സഹോദരൻ രംഗത്തുവന്നു. കുടുംബം വരുത്തി വെച്ച കടബാധ്യത ആസിഫിന്റെ തലയിൽ കെട്ടിവെച്ചതാണ് ആത്മഹത്യക്കു കാരണമെന്നും സഹോദരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.