കൊടുങ്ങല്ലൂർ: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കൊടുങ്ങല്ലൂർ മണ്ഡലം 'പാഴാക്കാതെ പഠിപ്പിക്കാം' പദ്ധതി വഴി ആക്രി ശേഖരണത്തിലൂടെ നിർധന വിദ്യാർഥികൾക്ക് വേണ്ടി സമാഹരിച്ച സ്മാർട്ട് ഫോണുകളുടെയും സ്കൂൾ കിറ്റുകളുടെയും വിതരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ നിർവഹിച്ചു.
പേരെടുക്കാൻ ഉള്ള വ്യഗ്രതയിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ ഇപ്പോഴും ബാക്കിയാവുന്നത് സർക്കാർ സംവിധാനങ്ങളുടെ പിടിപ്പുകേട് ആണെന്ന് നജ്ദ റൈഹാൻ പറഞ്ഞു. ഭരണകൂടത്തിന്‍റെ കെടുകാര്യസ്ഥത മൂലം പ്രയാസപ്പെടുന്ന വിദ്യാർഥികളെ സഹായിക്കാൻ തുനിഞ്ഞിറങ്ങിയത് ഒരു സമര രീതിയാണെന്നും അവർ പറഞ്ഞു.
ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി അബ്ദുസമദ് ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എ സദ്റുദ്ദീൻ, മണ്ഡലം കൺവീനർ അബ്ദുസ്സലാം മാസ്റ്റർ, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഹാദിയ നാസർ, ഇഹ്‌സാൻ ഐനി, റിയാസ് വെള്ളാങ്കല്ലൂർ എന്നിവർ സംസാരിച്ചു.
അമീന നൂറ, സുഗു റാപ്പര്‍ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. 500 വീടുകളിൽ നിന്നായി 160,000 രൂപയുടെ വിഭവസമാഹരണം നടത്തിയാണ് ഫ്രറ്റേണിറ്റി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി 20 സ്മാർട്ട്ഫോണുകളും 100 പഠന കിറ്റുകളും വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.