കൊടുങ്ങല്ലൂർ: ശ്രമകരമായ ദൗത്യത്തിലൂടെ തിരിച്ചുപിടിച്ച വൈജ്ഞാനിക ശേഖരത്തിന്റെ വാതിൽ സമൂഹത്തിലേക്ക് തുറന്നുവെച്ചിരിക്കുകയാണ് ഒരു സർക്കാർ വിദ്യാലയം. കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ജി.വി.എച്ച്.എസ് സ്കൂളിൽ അപൂർവ ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന വിപുല ശേഖരം വിദ്യാർഥികൾക്കൊപ്പം സമൂഹത്തിനുകൂടി അനുഭവവേദ്യമാക്കാനായത് ഒരു സമർപ്പിത സംഘത്തിന്റെ പ്രയത്നത്തിന്റെകൂടി ഫലമാണ്.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂറിന്റെ ഗവേഷണ ഗ്രന്ഥം ഉൾപ്പെടെ ആറു പുസ്തകങ്ങൾ വായനയുടെ ഭാഗമാകുന്നുവെന്ന അപൂർവതയും ലൈബ്രറിക്കുണ്ട്. വായനശാലയുടെ പുതിയ അകം വരയുടെ വർണക്കാഴ്ചകളാൽ മനോഹരവും ആകർഷകവുമാണ്.
സ്കൂൾ പഠനവേള ഒഴിച്ചുള്ള സമയവും അവധിദിനങ്ങളിലുമാണ് പുറത്തുനിന്നുള്ളവർക്ക് ലൈബ്രറിയിലേക്ക് പ്രവേശം. സമൂഹത്തിനുകൂടി പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥങ്ങളും, അപൂർവ കൃതികളും ഉൾപ്പെടുന്ന പതിനായിരത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.
പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂറിനൊപ്പം പി.ടി.എ പ്രസിഡന്റ് അബ്ദുൽ കലാമിന്റെയും നേതൃത്വത്തിലുള്ള കൂട്ടായ്മ മൂന്നു മാസമായി നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ലൈബ്രറിയുടെ പുനർജനി. സ്കൂളിലെ അധ്യാപകർക്കും സ്റ്റാഫിനും പി.ടി.എ കമ്മിറ്റിക്കും പൂർവ വിദ്യാർഥികൾക്കും അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാവുകളായിരുന്നു നവീകരണ വേള. കെ.പി. രാജേന്ദ്രൻ മന്ത്രിയായിരിക്കെ അനുവദിച്ച ഫണ്ടുകൊണ്ടാണ് ലൈബ്രറിയും റീഡിങ് റൂമും നിർമിച്ചത്.
12 കൊല്ലം മുമ്പ് പണി കഴിച്ച ലൈബ്രറി കാലക്രമേണ നരിച്ചീർ, മരപ്പട്ടി, എലി എന്നിവയുടെ താവളമായി മാറിയിരുന്നു. ലൈബ്രറി നവീകരണത്തിന് മൂന്നു ലക്ഷം രൂപ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമാഹരിച്ചിരുന്നു. പൂർവ വിദ്യാർഥിനികളായ ആതിര, അപർണ, ഇവരുടെ സുഹൃത്തുക്കളായ വിസ്മയ, ആവണി എന്നിവർ ചേർന്നാണ് ചുമരുകൾ പെയിന്റിങ്ങിലൂടെ മനോഹരമാക്കിയത്.
ഹെഡ്മിസ്ട്രസ് വി.എ. സുൽഫത്തും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജീന ജെയിംസും മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വി.എ. അഷ്റഫും ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ പി.ആർ. ഗോപിനാഥനും പൂർവ അധ്യാപകൻ അബ്ദുറഹ്മാനും പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീൻഷാ തുടങ്ങിയവരും സംരംഭത്തോട് സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.