കൊടുങ്ങല്ലൂർ: ചാവക്കാട് മുതൽ എറിയാട് വരെ പത്ത് പഞ്ചായത്തുകളിൽ ജൽജീവൻ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജല അതോറിറ്റി ചീഫ് എൻജിനിയർ, ജൽജീവൻ മിഷൻ ഡയറക്ടർ എന്നിവർക്ക് ഹൈകോടതി നിർദേശം നൽകി. ഇക്കാര്യം ജല അതോറിറ്റി എം.ഡി അടക്കം ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തേണ്ടതാണെന്നും കോടതി ഉത്തരവിലുണ്ട്.
പഴയ നാട്ടിക ഫർക്ക കുടിവെള്ള വിതരണ പദ്ധതിയിൽപ്പെട്ട പഞ്ചായത്തുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി കുടിവെള്ളം കൃത്യമായി ലഭിക്കാൻ പി.എ. സീതി, കെ.എ. ധർമ്മരാജൻ എന്നിവ മുഖേന നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്. നേരത്തെ ഈ ഹരജിയിൽത്തന്നെ ഉണ്ടായ ഇടക്കാല ഉത്തരവ് പ്രകാരം ശ്രീനാരായണപുരം പഞ്ചായത്തിൽ ആല-ഗോതുരുത്തിൽ ടാങ്കർ ലോറിയിൽ പഞ്ചായത്ത് അധികൃതർ കുടിവെള്ളം എത്തിച്ചിരുന്നു.
ജല അതോറിറ്റി കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം ജൽജീവൻ മിഷൻ പദ്ധതിയിൽ പത്ത് പഞ്ചായത്തുകളിലായി 124 കോടി രൂപയുടെ പ്രവൃത്തി 2022ൽ തുടങ്ങിയതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടി ജലവിതരണം കൃത്യമായി നടക്കാതെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ജൽജീവൻ മിഷൻ പ്രവൃത്തികൾ മന്ദഗതിയിലാവുകയും ചെയ്തത് ബോധ്യപ്പെടുത്തിയത് പരിഗണിച്ചാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇനിയും പദ്ധതി മന്ദഗതിയിലായാൽ കോടതിയലക്ഷ്യവുമായി വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാർഅറിയിച്ചു. ഹരജിക്കാർക്കായി അഡ്വ.ടി.പി. സാജിദ്, ഷാനവാസ് കാട്ടകത്ത് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.