കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്‍റെ കലാഹൃദയം കീഴടക്കിയ മഹദ് പ്രതിഭയായിരുന്നു ജോൺ പോൾ. കൊടുങ്ങല്ലൂരിന്‍റെ പ്രിയ കവി പി. ഭാസ്കരന്‍റെ വിയോഗ ശേഷം രൂപംകൊണ്ട പി. ഭാസ്കരൻ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയെന്ന നിലയിലും അല്ലാതെയും നാട്ടിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
പി. ഭാസ്കരൻ ഫൗണ്ടേഷൻ അദ്ദേഹത്തിന്‍റെ ചരമവാർഷിക വേളയിൽ കൊടുങ്ങല്ലൂരിൽ ഒരുക്കിയിരുന്ന 'ഭാസ്കര സന്ധ്യ' ജില്ലയിലെത്തന്നെ മികച്ച കലാസാംസ്കാരിക അനുഭവമായിരുന്നു. മലയാള ചലച്ചിത്ര രംഗത്തെ പ്രഗല്ഭരെ പി. ഭാസ്കരൻ പുരസ്കാരം നൽകി ആദരിക്കൽ ഉൾപ്പെടെ അരങ്ങേറുന്ന പ്രൗഢഗംഭീര വേദിയുടെ നാളിതുവരെയുള്ള അധ്യക്ഷനും ജോൺ പോളായിരുന്നു.
കൊടുങ്ങല്ലൂരിലെ വിവിധ പരിപാടികൾ അദ്ദേഹത്തെ രോഗം ഘട്ടംഘട്ടമായി കീഴടക്കുന്നതിന്‍റെ നാൾവഴികളും വരച്ചിടുന്നുണ്ട്. 2010ൽ എം.ടി. വാസുദേവൻ നായർക്ക് ഒ.എൻ.വി കുറുപ്പ് പി. ഭാസ്കരൻ പുരസ്കാരം സമർപ്പിക്കുന്ന വേദിയിൽ ജോൺ പോൾ നിന്നുകൊണ്ടാണ് സദസ്സിനെ അഭിസംബോധന ചെയ്തതെങ്കിൽ തുടർന്നുവന്ന ചടങ്ങുകളിൽ വേദിയിലിരുന്നും വർഷങ്ങൾ കഴിഞ്ഞതോടെ സദസ്സിന്‍റെ മുൻനിരയിൽ ഇരിപ്പുറപ്പിച്ചുമായിരുന്നു അധ്യക്ഷപദം അലങ്കരിച്ചിരുന്നതും ചടങ്ങ് നയിച്ചിരുന്നതും. വാക്കുകളുടെ അക്ഷയഖനിയായ ആ പ്രതിഭാധനനിൽനിന്ന് ഒഴുകിവരുന്ന ചെറുതും വലുതുമായ പ്രഭാഷണ ശകലങ്ങൾ ഹൃദ്യമായ അനുഭവമാണ് സദസ്സിന് സമ്മാനിച്ചിരുന്നത്.
അസാധ്യ മനഃശക്തിയുടെ ഉടമയായ അദ്ദേഹം അസ്മാബി കോളജിലും മറ്റുമുള്ള ചടങ്ങുകളിൽ ഇരുന്നുകൊണ്ടാണ് സദസ്സിനോട് സംസാരിച്ചത്. കൊടുങ്ങല്ലൂരിന്‍റെ ചലച്ചിത്രകാരൻ കമലിന്‍റെ വളർച്ചയിൽ നിർണായക സ്വാധീനമായിരുന്നു ജോൺ പോൾ. മാധ്യമ പ്രവർത്തകൻ നവാസ് പടുവിങ്ങലിന്‍റെ പുസ്തക പ്രകാശനത്തിനായിരുന്നു അദ്ദേഹം അവസാനം കൊടുങ്ങല്ലൂരിലെത്തിയത്. പി. ഭാസ്കരൻ ഫൗണ്ടേഷന്‍റെ ചാലക ശക്തിയായിരുന്ന ജോൺ പോളിന്‍റെ വേർപാട് വലിയ നഷ്ടവും വേദനയുണ്ടാക്കുന്നതുമാണെന്ന് ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.