കൊടുങ്ങല്ലൂർ: പദ്ധതി വിഹിതം നൽകുന്നതിൽ ഏറ്റക്കുറച്ചിൽ ആരോപിച്ച് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പത്ത് ലക്ഷം വീതം നൽകുമ്പോൾ പ്രതിപക്ഷ കൗൺസിലർമാർക്ക് എട്ട് ലക്ഷം മാത്രമാണ് നൽകുന്നതെന്നാണ് ആരോപണം.
ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.എസ്. സജീവൻ വിഷയം ഉന്നയിച്ച് സംസാരിച്ചതിന് പിറകെ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളികളോടെ ചെയർപേഴ്സന് ചുറ്റും നിലയുറപ്പിച്ചു. സി.പി.എമ്മിന്റെ ഏകാധിപത്യമാണ് നഗരസഭയിൽ നടക്കുന്നതെന്നും, സി.പി.ഐ തകർന്നതായും ബി.ജെ.പി. ആരോപിച്ചു.
കോൺഗ്രസിലെ ഏക അംഗം വി.എം. ജോണിയും സമാന വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു. ബഹളം രൂക്ഷമാകുന്നതിനിടെ ചെയർപേഴ്സൻ യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോയി. ഇതിന് പിറകെ ബി.ജെ.പി കൗൺസിലർമാർ പ്രതീകാത്മക കൗൺസിൽ നടത്തി പിരിഞ്ഞു.
കൊടുങ്ങല്ലൂർ: ബി.ജെ.പി. കൗൺസിലർമാർ കുറച്ചുനാളത്തെ ഇടവേളക്കുശേഷം വീണ്ടും നഗരസഭ കൗൺസിൽ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കാനും യോഗത്തിൽ ഭീഷണി മുഴുക്കിയും ബഹളം സൃഷ്ടിച്ചും അക്രമം നടത്താനും ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചെയർപേഴ്സൻ ടി.കെ. ഗീത. ഫണ്ട് നൽകുന്നില്ലെന്ന് ആക്ഷേപം രാഷ്ട്രീയ പ്രേരിതം ആണെന്നും നഗരസഭയെ കരിവാരിതേക്കാനുള്ള ശ്രമമാണെന്നും ചെയർപേഴ്സൻ ആരോപിച്ചു.
നാടിന്റെ വികസന പ്രശ്നങ്ങളും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും ആഴത്തിൽ ചർച്ച ചെയ്യേണ്ട കൗൺസിൽ യോഗം ബി.ജെ.പി കൗൺസിലർമാർ ബഹളം വെച്ച് തടസ്സപ്പെടുത്തി അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാക്കളായ കെ.ആർ. ജൈത്രൻ, വി.ബി. രതീഷ് എന്നിവർ പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കാറില്ലെന്നും എല്ലാ വാർഡിലും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഫണ്ട് നൽകുന്നതെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.