കൊടുങ്ങല്ലുർ: ചരിത്ര നഗരിയിലേക്ക് സാഗരം കണക്കെ ഒഴുകിയെത്തിയ ഉത്സവപ്രേമികൾക്ക് ആഘോഷത്തിന്റെ ആനന്ദാനുഭൂതി പകർന്ന് കൊടുങ്ങല്ലൂരിന്റെ മഹോത്സവം സമാപനത്തിലേക്ക്. പ്രദേശിക അവധികൂടി പ്രഖ്യാപിച്ചതോടെ നാലാം താലപ്പൊലി നാളായ വ്യാഴാഴ്ച കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രാങ്കണവും നഗരവും ജനനിബിഢമാകും. വെള്ളിയാഴ്ച പുലർച്ചെ നടക്കുന്ന വെടിക്കെട്ടോടെയാകും സമാപനം. ചരിത്രപ്രസിദ്ധമായ താലപ്പൊലി മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ചയും ശ്രീകുരുംബ കാവിലേക്ക് ഒഴുകിയെത്തിയവർ ഏറെയാണ്.
പതിവുപോലെ ഉച്ചനേരത്തേ എഴുന്നള്ളിപ്പോടെയാണ് താലപ്പൊലിക്കാവിൽ ആരവമേറിയത്. തെക്കെ നടയിൽ കുരുംബാമ്മയുടെ നടയിൽനിന്ന് ആനകളോടെ തുടക്കം കുറിച്ച പൂരം പഞ്ചവാദ്യവും നാദസ്വരവും പാണ്ടിമേളവുമൊക്കെയായി കൊട്ടിക്കയറിയ എഴുന്നെള്ളിപ്പിന്റെ ഹരം ഏറ്റുവാങ്ങാൻ ക്ഷേത്രാങ്കണത്തിൽ ജനം നിറഞ്ഞു.
വൈകുന്നേരത്തെ ഇറക്കി എഴുന്നള്ളിപ്പിന് ശേഷം 1001 കതിന വെടികളുടെ മുഴക്കവും ഒപ്പം വാനിൽ ബഹുവർണങ്ങൾ വിതറിയ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. പിറകെ വേദികളിൽ കലാസാംസ്കാരിക ഇനങ്ങളുടെ ഊഴമായിരുന്നു. 9.30ന് കുരുംബാമ്മക്ക് ഗുരുതി നടന്നു. ക്ഷേത്ര നടയിൽ തായമ്പകയായി. മൂന്നാം താലപ്പൊലിയുടെ രാത്രി എഴുന്നള്ളിപ്പ് ചരിത്ര സ്മരണകളുണർത്തി രാത്രി 9.30യോടെ എടവിലങ്ങിൽ നിന്ന് തുടങ്ങി. ഇവിടെ നിലനിന്നിരുന്ന പതിനെട്ടരയാളം കോവിലകത്തിന്റെ ഇടത്ത് നിന്നാണ് എഴുന്നെള്ളിപ്പ് കൊടുങ്ങല്ലുർ ക്ഷേത്രത്തിലേക്ക് എത്തിയത്.
ഒരാനയും അടന്ത മേളവുമായി മുസിരിസ് പദ്ധതിയിൽ നവീകരിച്ച കോവിലകം സ്ഥാനത്ത് നീങ്ങിയ എഴുന്നള്ളിപ്പ് ജെ.ടി.എസ് റോഡിൽ ഉണ്ണി പറമ്പത്ത് പടിയിൽ കോലമിറക്കി പൂജ നടത്തിയ ശേഷമാണ് തുടർന്നത്. പുലർച്ചെ മൂന്ന് ആനകളോടെയാണ് ക്ഷേത്രാങ്കണത്തിലേക്ക് കടന്നത്. പിറകെ പഞ്ചാരിമേളവും ഇറക്കി എഴുന്നെള്ളിപ്പുമായി മൂന്നാം താലപ്പൊലിക്ക് സമാപനമായി. ഇതോടെ ആൾക്കൂട്ടം പിരിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് എഴുന്നള്ളിപ്പോടെയാകും ശ്രീകുരുംബകാവിൽ നാലാം താലപ്പൊലിയുടെ ആഘോഷാരവം ഉയരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.