കൊടുങ്ങല്ലൂർ: ഡി.വെ.എഫ്.ഐ നേതാവായിരുന്ന കെ.യു. ബിജു വധക്കേസിൽ വെള്ളിയാഴ്ച കോടതി വിധി പ്രസ്താവിക്കും. ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ലോകമലേശ്വരം കാരേക്കാട്ട് ഉണ്ണികൃഷ്ണന്റെ മകൻ ബിജു 2008 ജൂൺ 30 നാണ് ആക്രമിക്കപ്പെട്ടത്. ജൂലൈ രണ്ടിനായിരുന്നു മരണം. സഹകരണബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ബി.ജെ.പി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
എടവിലങ്ങ് കരിച്ചാക്കുളത്ത് വീട്ടിൽ ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ കല്ലാടൻ ഗിരീഷ്, വെമ്പല്ലൂർ പള്ളിപ്പാട്ട് വീട്ടിൽ സേവ്യർ എന്ന അച്ചായൻ എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ. മൈനറായിരുന്ന രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടന്നു വരികയാണ്.
ബിജു കൃത്യസ്ഥലത്തേക്ക് വരുന്നത് അഞ്ചാം പ്രതി ലോകമല്ലേശ്വരം ചെമ്പേഴത്ത് വീട്ടിൽ സുബിൻ മൊബൈൽ ഫോണിലൂടെ ഒന്നാം പ്രതിയെ അറിയിച്ചെന്നും ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റായിരുന്ന ശ്രീനാരായണപുരം ആലയിൽ വീട്ടിൽ ശ്രീകുമാർ, ഡ്രൈവർ ലോകമല്ലേശ്വരം കളരിക്കൽ വീട്ടിൽ മനോജ്, വെമ്പല്ലൂർ കൈപ്പോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രതികൾ ബിജുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കേസ്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 38 സാക്ഷികളെയും രേഖകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്നും നാല് സാക്ഷികളെ വിസ്തരിച്ചു. ഒരു വർഷവും ആറ് മാസവും നീണ്ട വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ അഭിഷേക് ബി. പിള്ള, അഖിൽ മറ്റത്ത്, വൈ.എസ്. അർജുൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.