കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നഗരവീഥിയിൽ മനുഷ്യമതിൽ സൃഷ്ടിച്ച് എൽ.ഡി.എഫ് മനുഷ്യച്ചങ്ങല. മഴ അവഗണിച്ചും നിരവധി പ്രവർത്തകരും ഇടതുമുന്നണി ജില്ല, പ്രാദേശിക നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരും കണ്ണികളായി.
ബൈപാസിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാറും ദേശീയപാത അധികൃതരും തയാറാകണമെന്നും നിർദിഷ്ട എലിവേറ്റഡ് ഹൈവേ തെക്കോട്ട് നീട്ടണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.
നാട്ടിൽ അക്രമവും വർഗീയ ചേരിതിരിവും മതസംഘർഷവും സൃഷ്ടിക്കുന്ന ബി.ജെ.പിയുമായി കൂട്ടുചേർന്ന് അവിശുദ്ധ സഖ്യമുണ്ടാക്കി നഗരസഭ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെ പരിശ്രമം കൊടുങ്ങല്ലൂരിലെ മതേതര വിശ്വാസികൾ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷമായി ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാൻ കഴിയാത്ത കേന്ദ്ര നിലപാടിനെതിരെ ഒരക്ഷരം മിണ്ടാൻ ബി.ജെ.പി തയാറായിട്ടില്ല. കോൺഗ്രസും കൗൺസിലറും അവരോടൊപ്പം നിലകൊള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, നേതാക്കളായ പി.കെ. ചന്ദ്രശേഖരൻ, കെ.ജി. ശിവാനന്ദൻ, കെ.കെ. അബീദലി, കെ.വി. വസന്തകുമാർ, വേണു വെണ്ണറ, ജോസ് കുരിശിങ്കൽ, നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, പി.പി. സുഭാഷ് എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ: ബൈപാസ് യാഥാർഥ്യമായി ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും എലിവേറ്റഡ് ഹൈവേക്കും തെരുവുവിളക്കിനും കേന്ദ്ര സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടാത്ത കൊടുങ്ങല്ലൂർ നഗരസഭ ഇടത് ഭരണസമിതിക്കെതിരെ ജനവഞ്ചന ആരോപിച്ച് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ചന്തപ്പുര ബൈപാസിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭയന്ന്, പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അംഗത്തെ സി.പി.എം നേതൃത്വം വിലക്ക് വാങ്ങി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും ഹരി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ടി.ബി. സജീവൻ, ഇറ്റിത്തറ സന്തോഷ്, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, നഗരസഭ സ്റ്റാൻൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. പ്രജീഷ് ചള്ളിയിൽ സ്വാഗതവും സി.ഡി. പ്രദീപ് നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ: ബൈപാസ് സർവിസ് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാൻ നഗരസഭ തീരുമാനമെടുത്തതോടെ കൊടുങ്ങല്ലൂർ രാഷ്ടീയത്തിലെ താരമായി മാറിയ വി.എം. ജോണിയെ വില്ലനാക്കാൻ ബി.ജെ.പിയും ഒപ്പം എൽ.ഡി.എഫും.
ചൊവ്വാഴ്ച രാവിലെ കൊടുങ്ങല്ലൂർ നഗരത്തിൽ നടന്ന ബി.ജെ.പിയുടെ പ്രതിഷേധ സംഗമത്തിലും വൈകീട്ട് എൽ.ഡി.എഫ് സംഘടിപ്പിച്ച മനഷ്യച്ചങ്ങലയിലും ഉയർന്ന് കേട്ട പ്രസംഗങ്ങളിൽ നഗരസഭയിലെ ഏക കോൺഗ്രസ് കൗൺസിലർക്ക് വില്ലൻ പരിവേഷമായിരുന്നു.
ബൈപാസിലെ സർവീസ് റോഡിലെങ്കിലും വഴിവിളക്ക് സ്ഥാപിച്ചില്ലെങ്കിൽ പ്രസ്തുത വിഷയത്തിൽ ഇടതുഭരണത്തിനെതിരെ ബി.ജെ.പി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിൻതുണക്കുമെന്ന ജോണിയുടെ പ്രഖ്യാപനമാണ് കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ മേഖലയെ പൊടുന്നനെ ചൂടുപിടിപ്പിച്ചത്. പ്രഖ്യാപനത്തിൽ കണ്ണും നട്ട് ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുകയും ചെയ്തതോടെ രാഷ്ട്രീയ താപനില വീണ്ടും ഉയർന്നു. ഇതിനിടെ നടന്ന ചില കരുനീക്കങ്ങൾക്ക് പിറകെ ഭരണപക്ഷത്തെ ചെയർപേഴ്സൺ സർവിസ് റോഡിൽ ലൈറ്റിടണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചതോടെ ജോണി നിലപാട് മാറ്റി. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് ജോണി ബി.ജെ.പിക്ക് വില്ലനായത്.
അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച ജോണിയെ സി.പി.എം വിലക്കെടുത്തുവെന്നാണ് ബി.ജെ.പി ആരോപണം. എന്നാൽ സി.പി.എമ്മും എൽ.ഡി.എഫുമാകട്ടെ കോൺഗ്രസ് കൗൺസിലറും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കുട്ടുകെട്ട് ജനഹിതം അനുസരിച്ച് ഭരിക്കുന്ന ഇടത് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉയർത്തുന്നത്. ഇതൊക്കെയാണെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ഭരണത്തിനെതിരായ അവിശ്വാസപ്രമേയം ഭീഷണിയല്ലാതായതിന്റെ ആശ്വാസം ഇടത് മുന്നണിയിൽ പൊതുവെ പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.