കൊടുങ്ങല്ലൂർ: കയർ കവചം സംരക്ഷണ പദ്ധതിയിലൂടെ മുൻകാല പ്രതാപത്തിലേക്ക് ചുവട് വെച്ച ശേഷം വീണ്ടും നാശത്തിന്റെ വഴിയിലേക്ക് ഒഴുകിയ പെരുംതോട് വലിയ തോട് ജനകീയ ശുചീകരണത്തിലൂടെ മാലിന്യമുക്തമാക്കാൻ നീക്കം. 2017 മുതൽ സർക്കാറിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയും തോട് സംരക്ഷിച്ച് വന്നുവെങ്കിലും ഇടക്ക് വെച്ച് എല്ലാം പഴയപടിയാവുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം തോട് നവീകരിക്കാൻ മൂന്ന് പ്രാവശ്യം ടെൻഡർ വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടവും തോട് നവീകരിക്കാൻ വിലങ്ങ് തടിയായി. വീണ്ടും ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ശുചീകരണത്തിന് സമയമെടുക്കുമെന്നതിനാലാണ് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ജൂലൈ 20ന് തോട് ശുചീകരിക്കാൻ ഇറങ്ങുന്നതെന്ന് ഇ.ടി. ടൈസൺ എം.എൽ. എ, മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ എന്നിവർ അറിയിച്ചു. പെരുംതോട് വലിയതോടിന്റെ പെരിഞ്ഞനം മുതൽ ശ്രീനാരായണ പുരം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വരെ നിലവിൽ മൈനർ ഇറിഗേഷൻ, ത്രിതല പഞ്ചായത്തുകൾ മുതലായവർ നിരവധി പ്രവൃത്തികൾ ചെയ്തു വരുന്നുണ്ട്.
കൊറ്റംകുളം കൾവെർട്ടിലെ സ്ലൂയിസിന്റെയും സ്വാമിത്തറ ക്ഷേത്രത്തിന് കിഴക്ക് വശത്തെ സ്ലൂയിസിന്റെയും ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. മതിലകത്ത് 131 മീറ്റർ പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. 150 ലക്ഷം രൂപ ചെലവിൽ തോടിന്റെ മുഴുവൻ ഭാഗവും ചളിയും മാലിന്യങ്ങളും നീക്കി ആഴം കൂട്ടി. പെരിഞ്ഞനത്ത് പാർശ്വഭിത്തിയും നിർമിച്ചു. മതിലകത്ത് പഞ്ചായത്ത് ക്രിമറ്റോറിയത്തിനരികെയും എസ്.എൻ പുരത്ത് കൊച്ചാലി പാലത്തിനരികെയും എടവിലങ്ങ് പുതിയ റോഡ് അറപ്പ തോട്ടിലും പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. സ്വാമിത്തറ ഭാഗത്ത് സ്ലൂയിസിൽ പുതിയ ഷട്ടറുകൾ സ്ഥാപിച്ചു. നിൽപിണി തോട്ടിലെ രണ്ടു സ്ലൂയിസിലും പുതിയ ഷട്ടറുകൾ സ്ഥാപിച്ചു. മതിലകം പഞ്ചായത്തിലെ കഴുവിലങ്ങിൽ വലിയതോടിന് കുറുകെ ചെക്ക് ഡാം നിർമിച്ച് അതിനോടനുബന്ധിച്ച് 80 മീറ്ററിലും അൽ അഖ്സ സ്കൂളിന് സമീപം 220 മീറ്ററിലും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ മാലിന്യവും കാട് പടലകളും മറ്റും നിറഞ്ഞ് ശോച്യാവസ്ഥയിലാണ് തോട്. പഴയ പ്രതാപത്തിലേക്ക് തോട് ഒഴുകാൻ ഇനിയുമേറെ മുന്നോട്ട് പോകണം. താൽക്കാലിക നടപടിയെന്ന നിലയിലാണ് 20ന് ശുചീകരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.