കൊടുങ്ങല്ലൂർ: അറിവിെൻറ ആദ്യക്ഷരം കുറിച്ച വിദ്യാലയത്തിൽ ഓർമകൾ പങ്കുവെച്ച് മന്ത്രി ഡോ. ആർ. ബിന്ദു. ഓർമകളുടെ തിരയേറ്റത്തിൽ ഒരു വേള മന്ത്രിയുടെ വാക്കുകൾ വിതുമ്പലായി. നഴ്സറി മുതൽ നാലാം ക്ലാസ് വരെ മന്ത്രി പഠിച്ച കൊടുങ്ങല്ലൂർ എൽ.പി.എസ്.ബി.എച്ച്.എസ്.എസിൽ രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് മന്ത്രി വികാരഭരിതയായത്. തന്നെ പഠിപ്പിച്ച ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള അധ്യാപകരുടെ പേരുകൾ എടുത്തു പറഞ്ഞ ആർ. ബിന്ദു നൃത്തത്തിൽ തനിക്ക് ആദ്യമായി കിട്ടിയ സമ്മാനം കപ്പ് സോസറും ഇപ്പോഴും നിധിപോലെ വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും പറഞ്ഞു. ആ സമ്മാനം വാങ്ങിയ അതേ സ്റ്റേജിൽ ഇപ്പോൾ സംസ്ഥാനത്തിെൻറ മന്ത്രിയായി ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഗുരുനാഥരുടെ കടാക്ഷം എന്നുപറഞ്ഞാണ് മന്ത്രി വിതുമ്പിയത്.
പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെയാണ് മന്ത്രിയെ വരവേറ്റത്. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂളിെൻറ ഉപഹാരം എസ്.എം.സി ചെയർമാൻ യു.ടി. പ്രേംനാഥ് നൽകി. സ്റ്റാഫ് സെക്രട്ടറി എ.പി. അനിൽകുമാറും പ്രധാനാധ്യാപിക പി. മീരയും മന്ത്രിയെ പൊന്നാടയണിയിച്ചു.
നവീകരിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. 'വായനാ വസന്തം' പരിപാടി ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ, അഡ്വ. വി.എസ്. ദിനിൽ, എ.ഇ.ഒ എം.വി. ദിനകരൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി. മീര സ്വാഗതവും പി.ടി.എ പ്രസിഡൻറ് ബിജോയ് കിഷോർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.