കൊടുങ്ങല്ലൂർ: രാത്രി സമയത്ത് കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്കും തിരിച്ചും ബസ് സർവിസ് ഇല്ലാത്തതുമൂലം യാത്രക്കാർ ദുരിതത്തിൽ. രാത്രി എട്ട് കഴിഞ്ഞാൽ ഈ റൂട്ടിൽ ബസില്ല. ഒരുപാട് നേരം കാത്തിരുന്ന് ഒടുവിൽ ഓട്ടോറിക്ഷയെ ആശ്രയിക്കുമ്പോൾ ആയിരവും അതിലധികവും രൂപ ചെലവാക്കി വേണം ലക്ഷ്യത്തിലെത്താൻ. ഈ റൂട്ടിൽ ഓടുന്ന പല സ്വകാര്യ ബസുകളും ട്രിപ്പ് മുടക്കുന്നതുകൊണ്ടാണ് യാത്രാക്ലേശം അനുഭവപ്പെടുന്നത്.
പെർമിറ്റ് അനുവദിച്ചുകിട്ടാൻ പല സ്ഥലങ്ങളെയും ഉൾപ്പെടുത്തുന്ന ബസുകാർ കുറച്ചുനാൾ കഴിഞ്ഞാൽ പല കാരണങ്ങൾ പറഞ്ഞ് ഇത്തരം സ്ഥലങ്ങളെ ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷപമുണ്ട്. ട്രിപ്പ് വെട്ടിച്ചുരുക്കുന്നവരും കുറവല്ല. രാത്രി വളരെ വൈകിയും പെർമിറ്റുള്ള പല ബസുകളും ഈ രീതിയാണ് അവലംബിക്കുന്നത്.
പുലർച്ചെ 4.45ന് തൃശൂരിൽ നിന്നും ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ ചെറായി സർവിസും ഇപ്പോൾ ഓടുന്നില്ല. തൃശൂരിൽനിന്ന് രാത്രി ചോറ്റാനിക്കരയിലേക്ക് പെർമിറ്റ് സമ്പാദിച്ച് പകൽ മാത്രം കൊടുങ്ങല്ലൂരിലേക്ക് സർവിസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ആർ.ടി.ഒ യോഗത്തിൽ പ്രത്യേക നിർദേശം ഉണ്ടായിട്ടും അത് ലംഘിക്കുന്ന തരത്തിലാണ് ഇപ്പോഴും സർവിസ് നടത്തുന്നതെന്ന് പരാതിയുണ്ട്. രാത്രി എട്ടിന് ശേഷം കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോയിരുന്നു സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയും ജനങ്ങളുടെ ദുരിതം അവഗണിക്കുകയാണ്. പരാതികളും നിവേദനങ്ങളുമായി അധികൃതരെ സമീപിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിൽ യാത്രക്കാർ അമർഷത്തിലും പ്രതിഷേധത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.