കൊടുങ്ങല്ലൂർ: സംസ്ഥാനതല വനിത സംരംഭക ഉൽപന്ന പ്രദർശനത്തിനും വിൽപനക്കും ഒരുക്കം പൂർത്തിയാക്കിയ സ്ത്രീകളെ നഗരസഭ ഭരണക്കാർ തുരത്തിയോടിച്ചു. വനിത സംരംഭകരെ ഉയർത്തിക്കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്ന വേളയിൽതന്നെയാണ് ബിസിനസ് രംഗത്തുള്ള ഒരുകൂട്ടം സ്ത്രീകൾക്ക് ഈ ദുരനുഭവം.
കൊടുങ്ങല്ലൂർ മുഗൾ മാളിൽ വനിതകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന ‘വിന്റർ എക്പോ 2023’ ആണ് നഗരസഭ ഭരണതലത്തിലെ ചിലരുടെ രൂക്ഷമായ എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നത്.
എതിർപ്പിന് ഭീഷണിയുടെ ശൈലി ഉണ്ടായതോടെ വനിതകൾ മാത്രമായ സംഘാടകർ ഭയന്ന് പിന്മാറുകയായിരുന്നു. ഉദ്ഘാടന ചടങ്ങ് ആസൂത്രണം ചെയ്തതിൽ മനഃപൂർവമല്ലാതെ സംഭവിച്ച പിഴവ് വിഷയമാക്കിയാണ് എതിർപ്പ് ഉണ്ടായത്. ബിസിനസ് രംഗത്ത് സജീവമായ കൊടുങ്ങല്ലുർ പ്രദേശത്തിന് പുറത്തുള്ളവരായിരുന്നു മുഖ്യ സംഘാടകർ. ഈ സ്ത്രീകൾക്കാകട്ടെ കൊടുങ്ങല്ലുർ നഗരസഭയെക്കുറിച്ച് വേണ്ടത്ര ധാരണ ഉള്ളവരായിരുന്നില്ല.
ഇവർ എം.എൽ.എയെ ഉദ്ഘാടകനായും നഗരസഭ ചെയർപേഴ്സനെ അധ്യക്ഷയായും പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ്, ബി.ജെ.പി ഭാരവാഹികളെയും ആശംസപ്രസംഗകരായും ക്ഷണിച്ചു. മറ്റുചിലരുടെ പ്രാതിനിധ്യം ഇല്ലാതെപോയി. ഇതാണ് പ്രകോപനം ഉണ്ടാക്കിയതും എതിർപ്പിന് കാരണമായതും.
എന്നാൽ, പിഴവ് തിരിച്ചറിയുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തതോടെ ക്ഷമാപണം നടത്തിയ സ്ത്രീകൾ എതിർപ്പ് കാണിച്ചവരുടെ പങ്കാളിത്തം ചടങ്ങിൽ ഉൾപ്പെടുത്താനും നോട്ടീസ് മാറ്റിയടിക്കാനും തയാറായി. ഇതോടെ പ്രദർശനത്തിന്റെ തലേ ദിവസം വനിതകൾ സംഘാടകരായ സംസ്ഥാനതല വനിത സംരംഭം വേണ്ടെന്നു വെക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട പരിശ്രമം മാത്രമല്ല, രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടവും ഉണ്ടായതായി സ്ത്രീകൾ പറഞ്ഞു.
വിശിഷ്ടാതിഥി ബിഗ് ബോസ് ഫെയിം ഡോ. റോബിൻ രാധാകൃഷ്ണനെ ഒന്നര മാസം മുമ്പ് ഒന്നര ലക്ഷം രൂപ മുൻകൂർ നൽകി ബുക്ക് ചെയ്തിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നതായി സ്ത്രീകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.