കൊടുങ്ങല്ലൂർ: ആവേശം വിതറി മുസിരിസ് കായലോരത്ത് എത്തിയ നാവികസേനയുടെ വഞ്ചി തുഴയലും സൈക്ലിങ് പര്യവേഷണവും സമാപിച്ചു. ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിങ്ങും ഓഫ്‌ഷോർ സൈക്ലിങ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്.
കൊച്ചി നേവൽ ബേസിൽ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിച്ച പര്യവേഷണങ്ങൾ ഇന്ത്യൻ നാവികസേനയിലെ ആദ്യ പരിശീലന സ്‌ക്വാഡ്രണാണ് നയിച്ചത്.
115 പേരടങ്ങുന്ന സംഘമാണ് തുഴച്ചിൽ, സൈക്ലിങ് എന്നിവയിൽ പങ്കെടുത്തത്. കൊച്ചി നാവിക ആസ്ഥാനത്തുനിന്നും മുസിരിസിലേക്കുള്ള 20 നോട്ടിക്കൽ മൈൽ ദൂരമാണ് തുഴച്ചിൽ സംഘം നാല് വെയ്‌ലർ ബോട്ടുകളിലായി പിന്നിട്ടത്. കൊച്ചി നേവൽബേസ് മുതൽ വീരംപുഴ വരെയും വീരംപുഴ മുതൽ മുസിരിസ് കോട്ടപ്പുറം കായലോരം വരെ 40 പേരാണ് പുള്ളിങ്ങിൽ പങ്കെടുത്തത്. 75 പേരടങ്ങുന്ന സംഘം 75 കി.മീ ദൂരത്തിൽ സൈക്ലിങ്ങിലും പങ്കെടുത്തു.
കോട്ടപ്പുറം ആംഫി തിയറ്ററിൽ നടന്ന സമാപനം അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. 'തിർ' കപ്പലിന്റെ കമാൻഡിങ് ഓഫിസറും നാവികസേന ആദ്യ പരിശീലന സ്‌ക്വാഡ്രൺ സീനിയർ ഓഫിസറുമായ ക്യാപ്റ്റൻ അഫ്താബ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. എറിയാട് മലബാർ മർഹബ ടീം കലാകാരന്മാർ അവതരിപ്പിച്ച സൂഫി, അറബിക് ഡാൻസുകളും ചടങ്ങിന് മാറ്റുകൂട്ടി.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ വി.എം. ജോണി, ടി.എസ്. സജീവൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് ശേഷം നേവൽ സംഘം മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറം കോട്ടയിലും സന്ദർശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.