കൊടുങ്ങല്ലൂർ: കുഞ്ഞുങ്ങൾക്ക് ഉല്ലസിക്കാനും കളികളിലൂടെ അറിവിന്റെ മധുരം നുണയാനും ശാന്തിപുരം എം.എ.ആർ.എം.ജി.വി.എച്ച്.എസ്.എസ് പ്രീ പ്രൈമറി വിഭാഗത്തിൽ ‘നക്ഷത്രക്കൂടാരം’ ഒരുങ്ങി.
കുട്ടികളുടെ ശാരീരിക മാനസിക വികാസത്തെ ത്വരിതപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കുന്ന ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചിലവഴിച്ച് തയാറാക്കിയ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കും.
പ്രീപ്രൈമറി കളിപ്പാട്ടം പുസ്തകത്തിലെ 30 തീമുകളെ അടിസ്ഥാനമാക്കിയാണ് നക്ഷത്രക്കൂടാരം ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച ക്ലാസ് മുറികൾ, കലാവതരണത്തിനായി കുഞ്ഞരങ്ങ്, ശാസ്ത്രയിടം, പഞ്ചേന്ദ്രിയ ഇടം, ഗണിതയിടം, ആട്ടവും പാട്ടും, കരകൗശലയിടം, നിർമാണയിടം, ഭാഷാവികസനയിടം, വരയിടം, കപ്പലിന്റെ ആകൃതിയിലുള്ള കളിയിടം, കുട്ടികൾക്ക് ഉല്ലസിക്കാനുള്ള കുഞ്ഞു പാർക്ക്, ഹരിതോദ്യാനം, നൂതന സാങ്കേതിക വിദ്യായിടം, ഫർണിച്ചറുകൾ തുടങ്ങിയ 13 പ്രവർത്തനയിടങ്ങൾ നക്ഷത്രക്കൂടാരത്തിൽ സജ്ജമാക്കിയിരിക്കുന്നു. ഓരോ പ്രവർത്തന ഇടങ്ങളും കുഞ്ഞുങ്ങൾക്ക് കണ്ടും കേട്ടും സ്പർശിച്ചും മനസ്സിലാക്കി പഠിക്കാൻ അവസരങ്ങൾ ലഭിക്കുന്നുവെന്നതാണ് സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.