കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിലെ അനാസ്ഥയെ തുടർന്ന് സമീപവാസിയുടെ അതിർത്തി മതിലും മറ്റു വസ്തുവകകളും തകർന്ന് വീണു. കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം വെളുത്ത കടവിലാണ് സംഭവം.
വെളുത്ത കടവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തരൂപീടികയിൽ അബ്ദുൽ നാസറിന്റെ വസ്തുവകകളിലാണ് നാശമുണ്ടായത്. ഇദ്ദേഹം ദേശീയപാത വികസനത്തിനായി നേരത്തേ സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇതിന് ശേഷം മുൻഭാഗത്തെ അതിരിൽ നിർമിച്ച മതിലും ഷീറ്റുകൊണ്ടുള്ള നിർമിതിയും ടൈലും മറ്റുമാണ് തകർന്ന് താഴേക്ക് പതിച്ചത്. വീടിനോട് ചേർന്ന് ദേശീയപാത വികസനത്തിന്റെ ഭാഗമായ കാന നിർമിക്കാൻ നാല് മാസം മുമ്പ് നല്ല താഴ്ചയിൽ ചാല് കീറിയിരുന്നു. തുടർന്ന് ഇവിടെ പണിയൊന്നും നടത്തിയിരുന്നില്ല. ഇതിനിടെ പെയ്ത മഴയിൽ അബ്ദുൽ നാസറിന്റെ മതിലിനോട് ചേർന്ന മണ്ണ് ഇളകി കാന നിർമിക്കാൻ മണ്ണെടുത്ത ചാല് നിറഞ്ഞിരുന്നു. ഈ മണ്ണെല്ലാം വെള്ളിയാഴ്ച നീക്കിയതോടെയാണ് മതിലും മറ്റു നിർമിതികളും നിലംപൊത്തിയത്. വീട്ടുമുറ്റത്തെ ടൈലും മണ്ണും ഇളകി വിണ്ടുനിൽക്കുകയാണ്. കൂടുതൽ നാശത്തിനും സാധ്യതയുണ്ട്. നാശനഷ്ടങ്ങൾ ഗൗനിക്കാതെ ദേശീയപാത നിർമാണം നടത്തുന്നവർ കൈമലർത്തുകയാണ്. അർഹമായ നഷ്ട പരിഹാരം നൽകുവാൻ അധികൃതർ ഇടപ്പെടണമെന്നാണ് അബ്ദുൽ നാസറിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.