കൊടുങ്ങല്ലൂർ: വായനാദിനത്തിൽ പൊലീസ് സ്റ്റേഷനിൽ തുറന്ന വായനശാലയൊരുക്കി എൻ.എസ്.എസ് വിദ്യാർഥികൾ. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനാണ് വായനദിനത്തിലെ നവ സംരംഭത്തിന്റെ വേദിയായത്. പൊലീസ് ഉദ്യോഗസ്ഥർക്കും സ്റ്റേഷനിലെത്തുന്നവർക്കും വായിക്കാൻ കൊടുങ്ങല്ലൂർ കെ.കെ.ടി.എം ജി.ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റാണ് വായനശാല സജ്ജീകരിച്ചത്.
ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷന് സ്നേഹോപഹാരമായാണ് എൻ.എസ്.എസ് വളന്റിയർമാർ ഗാന്ധിസ്മൃതി തുറന്ന വായനശാല സമ്മാനിച്ചത്. സാമൂഹിക നന്മയുടെ ഭാഗമായി സ്ക്രാപ്പ് ചലഞ്ചിലൂടെ ശേഖരിച്ച തുക ഉപയോഗപ്പെടുത്തിയാണ് നിരവധി പുസ്തകങ്ങൾ സമാഹരിച്ചത്.
കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ എം. ശശിധരൻ വായനശാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. പുഷ്കല, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ കെ.എച്ച് .ബിന്നി, എ.എസ്.ഐമാരായ ആന്റണി ജിംബിൾ, ബാബു, എൻ.എസ്.എസ് വളന്റിയർ വി.എസ്. പാർവതി എന്നിവർ സംസാരിച്ചു. ഹനീഫ ചുങ്കശ്ശേരി, കാർത്തിക, ഐശ്വര്യ, ലക്ഷ്മി, സുഹറ, നക്ഷത്ര, നജ എന്നിവർ നേതൃത്വം നൽകി.
അന്തിക്കാട്: വായനാദിനത്തിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാർക്ക് വായിക്കാൻ പുസ്തകം നൽകി പൊലീസ്. പൊലീസ് ഓഫിസർമാരുടെ കുറവും സ്ഥലപരിമിതിയും കാരണം നാളുകളായി വായനശാല ഭാഗികമായാണ് പ്രവർത്തിച്ചിരുന്നത്. വായന ദിനത്തിന്റെ ഭാഗമായി ബുധനാഴ്ച ഷെൽഫുകൾ വൃത്തിയാക്കുകയും പുസ്തകങ്ങൾ അടുക്കിവെക്കുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പ് പ്രേമാനന്ദകൃഷ്ണൻ അന്തിക്കാട് എസ്.ഐ ആയിരിക്കുമ്പോഴാണ് വായനയിടം രൂപപ്പെടുത്തിയത്. കൂടെയുള്ളവരും തുടർന്ന് വന്നവരും ഉത്സാഹിച്ചപ്പോൾ ആയിരത്തോളം പുസ്തകങ്ങളായി. നാട്ടുകാരനായ സത്യൻ അന്തിക്കാടാണ് വായനശാല ഉദ്ഘാടനം ചെയ്തത്. പിന്നീട് പല കാരണങ്ങളാൽ വായനശാല പ്രവർത്തനം മന്ദീഭവിച്ചു. എന്നിരുന്നാലും മാറി വന്ന പൊലീസ് ഓഫിസർമാർ കിട്ടുന്ന സമയങ്ങളിൽ വായനശാല ഉപയോഗപ്പെടുത്തിയിരുന്നു.
ഉദ്ഘാടനശേഷം കുറച്ച് കാലം വായനയിടത്തിന് വിദ്യാർഥികളുടെയും മറ്റും പിന്തുണ ലഭിച്ചിരുന്നു. അന്ന് രജിസ്റ്റർ വെച്ച് ശാസ്ത്രീയമായാണ് പരിപാലിച്ചിരുന്നത്. മാറി വന്നവരിൽ ചിലരുടെ നിസ്സംഗതയും പൊലീസന്റെ എണ്ണത്തിലെ കുറവും പ്രവർത്തനം ദുർബലമാകാൻ കാരണമായി.
എന്നാൽ, ഇത്തവണ വായനദിനത്തിൽ എസ്.എച്ച്.ഒ വിനീഷ്, എസ്.ഐ കെ. ഷിജു എന്നിവരുടെ നേതൃത്വത്തിൽ വായനശാലക്ക് പുതിയ ഉണർവ് പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.