കൊടുങ്ങല്ലൂർ: മേഖലയിലെ അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ നട്ടംതിരിയുന്നു. പല അക്ഷയ കേന്ദ്രങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് ജനത്തെ വലക്കുകയാണ്. ചില കേന്ദ്രങ്ങളിൽ ഒരേ കാര്യത്തിന് പലവട്ടം കയറിയിറങ്ങേണ്ട അവസ്ഥയാണ്. ആധാർ കാർഡുകളിലും മറ്റും ഒരു അപാകത തിരുത്തിയ കാർഡ് മറ്റൊരു അപാകതയോടെയായിരിക്കും കൈയിൽ കിട്ടുക. തീരദേശത്തെ ഏറ്റവും തിരക്കേറിയ അക്ഷയ കേന്ദ്രങ്ങളിലൊന്നാണ് കാരയിൽ പ്രവർത്തിക്കുന്നത്.
വൈദ്യുതി നിലക്കലും ഇന്റർനെറ്റ് മുടങ്ങലും കാരണം നിരവധി പേരാണ് രാവിലെ മുതൽ വന്ന് തിരിച്ചു പോകുന്നത്. ഈ മാസം 30നകം പെൻഷൻ മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന നിർദേശം ഉള്ളതുകൊണ്ടാണ് ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നതെന്ന് കോൺഗ്രസ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഉത്തരവാദിത്തപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് മസ്റ്ററിങ് തീയതി പുനഃക്രമീകരിക്കണമെന്നും മഴക്കാലമായതിനാൽ രോഗികൾക്കും പ്രായമായവർക്കും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നും അവർക്ക് അർഹമായ പെൻഷൻ നിഷേധിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും യോഗം ആരോപിച്ചു.
പ്രസിഡന്റ് ഇ.എം. ജോസഫ് ദേവസി അധ്യക്ഷത വഹിച്ചു. ഇ.കെ. സോമൻ യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ. സജീവൻ, ബെന്നി കാവാലംകുഴി, റഷീദ് പോനാക്കുഴി, ബഷീർ കൊല്ലത്ത് വീട്ടിൽ, മേരി ജോളി, ജോസ്മിടൈറ്റസ്, ടി.എം. ഷാഫി, കെ.കെ. അമ്മുക്കുഞ്ഞി, റഷീദ് പടിയത്ത്, വി.എം. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.