കൊടുങ്ങല്ലൂർ: കേരള ചരിത്രത്തിലും സാഹിത്യ -സാംസ്കാരിക- പൊതുമണ്ഡലങ്ങളിലും സവിശേഷ സ്ഥാനം അലങ്കരിച്ച ബഹുമുഖ പ്രതിഭ പി.എ. സെയ്ത് മുഹമ്മദിന് ആദരം. ജന്മമനാട്ടിൽ ഞായറാഴ്ച സ്മാരകം നാടിന് സമർപ്പിക്കും. നീണ്ട കാത്തിരിപ്പിനൊടുവിൽ മുസിരിസ് പൈതൃക പദ്ധതിയിലൂടെ ശാന്തിപുരത്ത് പണിതുയർത്തിയ സ്മാരക മന്ദിരം രാത്രി ഏഴിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിക്കുക.
ചരിത്രത്തെ ജനകീയവത്കരിക്കുകയും അരികുവത്കരിക്കപ്പെട്ട മനുഷ്യന്റെ ചരിത്രംതേടുകയും ചെയ്ത ചരിത്രകാരനായിരുന്നു സെയ്തുമുഹമ്മദ്. 45ാം വയസ്സിൽ അകാലത്തിൽ അന്ത്യയാത്രയാകും മുമ്പേ ചരിത്ര റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 17 കൃതികളാണ് കൈരളിക്ക് സമ്മാനിച്ചത്.
കേരള സാഹിത്യ അക്കാദമി, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരളഗ്രന്ഥശാലാസംഘം, കേരള കലാമണ്ഡം, സാഹിത്യ പ്രവർത്തക സഹകരണസംഘം തുടങ്ങിയവയുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ആറ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.
മദ്രാസ് സർക്കാറിന്റേത് ഉൾപ്പെടെ ബഹുമതിക്കും പാത്രമായി. ശ്രീനാരായണപുരം ശാന്തിപുരത്ത് പോന്നാകുഴിയിൽ അഹ്മദുണ്ണിയുടെയും കാക്കശ്ശേരി ബീവിയുടെയും മകനായി 1930 ലായിരുന്നു ജനനം. ഖദീജ ഭാര്യയും ജാസ്മിമിൻ, സിന്ധു, ഫൗസിയ എന്നിവർ മക്കളുമാണ്. 1975 ലായിരുന്നു മരണം.
4.96 കോടി ചെലവിൽ നിർമിച്ച സ്മാരക മന്ദിരത്തിൽ കമ്യൂണിറ്റി സെന്റർ, കൾച്ചറൽ ഗാലറി, ഓപൺ ലൈബ്രറി, പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. ലൈബ്രറി സ്ഥാപിക്കും. സെയ്ത് മുഹമ്മദിന്റെ സ്മരണ നിലനിർത്താൻ 1977ൽ കാട്ടകത്ത് മുഹമ്മദുണ്ണി പ്രസിഡൻറും പ്രഫ. കെ.എ. അബ്ദുല്ല സെക്രട്ടറിയായും രൂപവത്കരിച്ച അനുസ്മരണ സമിതി ശാന്തിപുരത്ത് നാഷണൽ ഹൈവേയോട് ചേർന്ന് 28.5 സെന്റ് സ്ഥലം ജനങ്ങളുടെ ധനസഹായത്തോടെ വാങ്ങുകയായിരുന്നു.
സി.എച്ച്. മുഹമ്മദ് കോയ ആണ് സ്മാരകത്തിന് തറക്കല്ല് ഇട്ടത്. എന്നാൽ, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്മാരകം ഉയർന്നില്ല. പിന്നീട് കെ.പി. രാജേന്ദ്രൻ മന്ത്രിയായിരിക്കെ പ്രഫ. കെ.ഐ. അബ്ദുല്ലയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്ന് 2009ൽ സ്മാരക പദ്ധതി മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരവിറങ്ങി.
പിന്നെയും നീണ്ട കാത്തിരിപ്പിന് ശേഷം 2017ൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം ഏറ്റെടുക്കുകയും 2019ൽ മന്ത്രി ഇ.പി. ജയരാജൻ നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. അഡ്വ. അബ്ദുൽ കാദർ കണ്ണഴുത്ത്, അഷ് റഫ് പൂവത്തിങ്കൽ, പി.എ. സീതി മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലും പി.എ. സെയ്തു മുഹമ്മദ് സ്മരണ നിലനിർത്തുന്ന പ്രവർത്തനത്തൾ നടന്നുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.