കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തീരത്തെ കാര തട്ടുംകടവ് കടലില്‍ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പെയര്‍ ട്രോളിങ് (ഡബിള്‍ നെറ്റ്) നടത്തിയ മത്സ്യ ബന്ധന യാനങ്ങള്‍ അധികൃതർ പിടിച്ചെടുത്തു. കൈപ്പമംഗലം ബീച്ച് സ്വദേശികളായ കൈതവളപ്പില്‍ ധനീഷ്, കോഴിപ്പറമ്പില്‍ ബാഹുലേയന് മകന് രമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് പിടിച്ചെടുത്തത്. കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് പിഴ ചുമത്തും. അഴീക്കോട് കോസ്റ്റല്‍ പോലീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് പരമ്പരാഗത വള്ളക്കാര് എന്ന വ്യാജേന പെയര്‍ ട്രോളിങ്ങിലൂടെ അടിയൂറ്റല്‍ നടത്തിയ വള്ളങ്ങള്‍ കണ്ടെത്തിയതും നടപടിയെടുത്തതും.
നിരോധിച്ച ഡബിള്‍നെറ്റ് വല (പോത്തന് വലകള്‍) ഉപയോഗിച്ച് രണ്ട് വള്ളങ്ങള്‍ നടത്തുന്ന മീന്‍പിടിത്ത രീതിയാണ് പെയര്‍ ട്രോളിങ് (ഡബിള്‍ നെറ്റ്). പുലർച്ചെയാണ് വള്ളങ്ങള്‍ കടലില്‍ ഡബിള്‍ നെറ്റ് വലിക്കുന്നത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്പെഷല്‍ ടാസ്ക് സ്ക്വാഡ് പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകമാരി അറിയിച്ചു.
എഫ്.ഇ.ഒ സുമിത, കോസ്റ്റല്‍ എസ്.ഐ സജീവന്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എന്‍. പ്രശാന്ത് കുമാര്‍, വി.എം. ഷൈബു, കോസ്റ്റല്‍ സ്റ്റേഷന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രെജീഷ്, സുധീഷ് ബാബു, സി.പി.ഒ മാരായ ഷാമോന്, ഷൈജു, ലൈഫ് ഗാര്‍ഡുമാരായ പ്രമോദ്, സീജീഷ്, സ്രാങ്ക് ഹാരീസ്, ഡ്രൈവര്‍ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.