കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സി.പി.ഐയിൽ കലാപം ഉയർത്തിയവരെ മെരുക്കി ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തി ജില്ല നേതൃത്വം. ജില്ലതലത്തിലുണ്ടായ നീക്കങ്ങളെ തുടർന്നാണ് കലഹം ശമിക്കാൻ വഴിയൊരുങ്ങിയത്. ഇതനുസരിച്ച് ജില്ല നേതൃത്വം രൂപ നൽകിയ അഡ് ഹോക്ക് കമ്മിറ്റി പുനഃസംഘടിപ്പിക്കുക മാത്രമല്ല ശക്തിപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാർ ആവശ്യപ്പെട്ട കൊടുങ്ങല്ലൂരിൽനിന്നുള്ള സി.കെ. രാമനാഥൻ, അഡ്വ. മുഹമ്മദ് നവാസ് കാട്ടകത്ത് എന്നിവരെയും സുമശിവനെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പകരം പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.വി. വസന്തകുമാർ എന്നിവരെ ഉൾപ്പെടുത്തി. ഇതോടെ അഡ്ഹോക്ക് കമ്മിറ്റിയുടെ ഏകപക്ഷീയ സ്വഭാവത്തിൽ മാറ്റമുണ്ടായെന്നും തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധത്തിൽനിന്ന് പിന്മാറുകയാണെന്നും കലഹം ഉയർത്തിയവർ പറയുന്നു.
അതേസമയം, ഇവർ ആഗ്രഹിച്ച ആരെയും അഡ്ഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ജില്ല നേതൃത്വം തയാറായതുമില്ല. കെ.ജി. ശിവാനന്ദൻ കൺവീനറും വി.ആർ. സുനിൽകുമാർ എം.എൽ.എ, സി.സി. വിപിൻ ചന്ദ്രൻ, പി.പി. സുഭാഷ്, ടി.കെ. സുധീഷ്, കെ.വി. വസന്തകുമാർ എന്നിവർ അംഗങ്ങളുമായ അഡ്ഹോക്ക് കമ്മറ്റിയായിരിക്കും ഇനി കൊടുങ്ങല്ലൂർ സി.പി.ഐയെ നയിക്കുക. ഇടതുമുന്നണി പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിലുണ്ടായ കലഹം സി.പി.എമ്മിന് നീരസം ഉണ്ടാക്കിയിരുന്നു. സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറിയായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും തുടർന്ന് രൂപവത്കരിച്ച അഡ് ഹോക്ക് കമ്മിറ്റി ഏകപക്ഷീയമാണെന്ന് കുറ്റപ്പെടുത്തിയുമാണ് ഒരു വിഭാഗം കലാപം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.