കൊടുങ്ങല്ലൂർ: യുവ വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കാൾ കലാലയാങ്കണത്തിൽ സെൽഫി പോയൻറും. കെ.കെ.ടി.എം ഗവ.കോളജ് അങ്കണത്തിലാണ് തെരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി സെൽഫി പോയൻറ് സജ്ജമാക്കിയത്. പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമ്മിള ഉദ്ഘാടനം നിർച്ചഹിച്ചതിന് പിറകെ വിദ്യാർഥികൾ സന്തോഷപൂർവം സെൽഫി പോയൻറിൽ പോസ് ചെയ്തു.
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം യുവജനകാര്യ വകുപ്പുമായി സഹകരിച്ച് യുവാക്കൾക്കിടയിൽ തെരഞ്ഞെടുപ്പ് സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘മേരാ പഹ്ല വോട്ട് ദേശ് കേ ലിയേ’ കാമ്പയിനാണ് കെ.കെ.ടി.എം ഗവ. കോളജ് വേദിയായത്.
എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. യുവ വോട്ടർമാരെ ശാക്തീകരിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസംബ്ലി ലെവൽ മാസ്റ്റർ ട്രെയിനി എം. ദിലീഫ് വിദ്യാർഥികൾക്ക് ക്ലാസെടുത്തു.
ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു ജബ്ബാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ എം.എൻ. ബാലാജി, ഡോ. പി.ഡി. ധന്യ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.എൻ. ബാലാജി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.