കൊടുങ്ങല്ലൂർ (തൃശൂർ): ഇന്ത്യയുടെ കോവിഡ് അതിജീവനത്തിെൻറ പ്രതീകമായി മാറിയ പെൺകുട്ടി ഇവിടെയുണ്ട്. തൃശൂർ ജില്ലയിൽ മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ആ മെഡിക്കൽ വിദ്യാർഥിനി പഠനം തുടരുകയാണ്. പഠനം പൂർണതയോടെ മുന്നോട്ട് കൊണ്ടുപോകാൻ ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും മാർഗം തുറന്ന് കിട്ടാത്ത വിഷമാവസ്ഥയിലാണ് ആ വിദ്യാർഥിനി.
തൃശൂർ മതിലകം സ്വദേശിനിയായ ഈ പെൺകുട്ടി മാത്രമല്ല കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ച നിരവധി വിദ്യാർഥികൾ തിരികെ പോകാനാകാത്ത വിഷമസന്ധിയിലാണ്. ചൈനയിലെ വുഹാൻ യൂനിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് മെഡിസിനിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തിന് ആത്മവിശ്വാസവും ഒപ്പം ദിശാബോധവും നൽകിയ മലയാളി പെൺകുട്ടി.
മൂന്നാം വർഷ പഠനത്തിനിടെയാണ് കോവിഡ് പടർന്നുപിടിച്ച വുഹാനിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. ജനുവരി 23ന് നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും സ്ഥിതി വഷളായതോടെ വുഹാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. ഒടുവിൽ 1500 കിലോമീറ്റർ അകലെയുള്ള മറ്റൊരു വിമാനത്താവളത്തിേലക്ക് ട്രെയിനിൽ എത്തിയാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 24ന് രാത്രി വീട്ടിലെത്തിയ പെൺകുട്ടി തൊട്ടടുത്ത ദിവസം മതിലകം പി.എച്ച്.സിയിലെത്തി റിപ്പോർട്ട് ചെയ്തു. ലക്ഷണങ്ങൾ കണ്ടതോടെ 27ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു.
ഉടനടി വിദ്യാർഥിനിയെ ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ജനുവരി 30നാണ് പുറത്ത് വന്നത്. പിന്നീട് എല്ലാം ആത്മധൈര്യത്തോടെ നേരിടുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ഐസൊലേഷനിൽ 28 ദിവസവും തനിച്ച് കഴിഞ്ഞു. 13 തവണയാണ് രക്തം പരിശോധനക്ക് അയച്ചത്. വിദഗ്ധർ പറയുന്നതിനോടെല്ലാം സഹകരിച്ചു.
രോഗാവസ്ഥയെ മെഡിക്കൽ പഠനവുമായി ബന്ധെപ്പട്ട അനുഭവമായി കണ്ടുകൊണ്ട് ആത്മധൈര്യത്തോടെയാണ് കോവിഡിനെ അഭിമുഖീകരിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരെയും സഹോദരെൻറ സുഹൃത്തുക്കളെയും പി.എച്ച്.സി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നിർബന്ധിത ക്വാറൻറീനിലാക്കിയും മറ്റു നടപടികളിലൂടെയും രാജ്യത്തെ പ്രഥമ കോവിഡ് കേസ് കേരളം വിജയകരമായി മറികടന്നു. ഒരു വർഷം പിന്നിട്ട് രാജ്യമാകെ മഹാമാരി വ്യാപിക്കുമ്പോഴും എല്ലാം പഴങ്കഥയാക്കി പഠനത്തിൽ മുഴുകിയിരിക്കുകയാണ് അവൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.